എസ്.ബി.ഐ വായ്പാപ്പലിശ ഉയർത്തി
ന്യൂഡൽഹി: മാർജിനൽ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) പ്രകാരമുള്ള വായ്പകളുടെ പലിശനിരക്ക് 0.10 ശതമാനം ഉയർത്തി എസ്.ബി.ഐ. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ഒരുവർഷക്കാലാവധിയുള്ള വായ്പകൾക്കാണ് വർദ്ധന ബാധകം. ഇതുപ്രകാരം പലിശനിരക്ക് 8.3 ശതമാനത്തിൽ നിന്ന് 8.4 ശതമാനമാകും. ഓവർനൈറ്റിന് 7.85 ശതമാനം, രണ്ടുവർഷത്തിന് 8.5 ശതമാനം, മൂന്നുവർഷത്തിന് 8.6 ശതമാനം എന്നിങ്ങനെ മറ്റ് കാലാവധികളുടെ നിരക്കിൽ മാറ്റമില്ല. എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും ഈമാസം പ്രാബല്യത്തിൽ വന്നവിധം എം.സി.എൽ.ആർ നിരക്ക് കൂട്ടിയിരുന്നു.