* ഒരു മിനിറ്റിന്റെ പേരിൽ ജോലി നിഷേധം സഹകരിക്കാതെ പി.എസ്.സി ; ഭിന്നശേഷി കമ്മിഷൻ നടപടിക്ക്

Sunday 15 January 2023 4:42 AM IST

കൊച്ചി: നിയമന ശുപാർശ ഒരു മിനിറ്റ് വൈകിയെന്ന മുടന്തൻ കാരണം പറഞ്ഞ് എറണാകുളം സ്വദേശിയായ കാഴ്ചപരിമിതിയുള്ള സൈജുവിന് (49) ജോലി നിഷേധിച്ച പി.എസ്.എസി, ഭിന്നശേഷി കമ്മിഷന്റെ സിറ്രിംഗ് ബഹിഷ്‌കരിച്ച് നിസ്സഹകരണം തുടരുന്നു. നാല് തവണ ഓൺലൈൻ സിറ്റിംഗിന് വിളിച്ചിട്ടും പി.എസ്.സി സെക്രട്ടറിയോ അഡിഷണൽ സെക്രട്ടറിയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഹാജരായില്ലെന്ന് ഭിന്നശേഷി കമ്മിഷണർ പഞ്ചാപകേശൻ കേരളകൗമുദിയോട് പറഞ്ഞു. ഈ സാഹചര്യത്തിൽ, സൈജുവിന് അനുകൂലമായി എക്സ്‌പാർട്ടി ഉത്തരവിട്ടേക്കും കമ്മിഷൻ.

മുമ്പും ചില വിഷയങ്ങളിൽ പി.എസ്.സി നിസ്സഹകരിച്ചപ്പോൾ തലസ്ഥാനത്തെ പി.എസ്.സി ഓഫീസിലെത്തി ചെയർമാനെ ഉൾപ്പെടെ നേരിൽ കണ്ട് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പഞ്ചാപകേശൻ പറഞ്ഞു.

കേരളകൗമുദി 2022 ഡിസംബർ 10ന് പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് സൈജുവിന് ഒരു മിനിറ്റിന്റെ സാങ്കേതികത്വം പറഞ്ഞ് ജോലി നിഷേധിച്ചത് പുറംലോകം അറിഞ്ഞത്.പിറ്റേന്ന് തന്നെ ഭിന്നശേഷി കമ്മിഷൻകേസെടുത്തു.പി.എസ്.സിസെക്രട്ടറി ഒന്നാം കക്ഷിയും എറണാകുളം ജില്ലാ പി.എസ്.സി ഓഫീസർ രണ്ടാം കക്ഷിയുമാണ്. ജില്ലാ പി.എസ്.സി ഓഫീസർ ഹാജരായെങ്കിലും അദ്ദേഹം ഇതിൽ നിസഹായനാണെന്ന് ഭിന്നശേഷി കമ്മിഷൻ വ്യക്തമാക്കി.

 എക്‌സ്‌പാർട്ടി ഉത്തരവ്

എതിർ കക്ഷി ഹാജാരാകാത്തതിനാൽ വാദിക്ക് അനുകൂലമായി വിധിക്കുന്നതാണ് എക്‌സ് പാർട്ടി ഓർഡർ. നിശ്ചിത കാലാവധി വച്ചായിരിക്കും ഭിന്നശേഷി കമ്മിഷന്റെ ഉത്തരവ്. അതിനകം പി.എസ്.സി നടപടി എടുത്തില്ലെങ്കിൽ സൈജുവിന് ഹൈക്കോടതിയെ സമീപിക്കാം.

 സൈജുവിന്റെ ദുര്യോഗം

കേരള മുനിസിപ്പൽ കോമൺ സർവീസിൽ എറണാകുളം ജില്ലയിലെ എൽ.ഡി ക്ലാർക്ക് സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലായിരുന്നു സൈജു. തൊട്ടു മുന്നിലുള്ളയാൾ ജോലി വേണ്ടെന്ന് അറിയിച്ചെങ്കിലും നിയമന ശുപാർശ ഒരു മിനിട്ട് വൈകിയെന്ന പേരിലാണ് സൈജുവിന് ജോലി നിഷേധിച്ചത്. 2018 മാർച്ച് 31ന് രാത്രി 12നകം എത്തേണ്ട നിയമന ശുപാർശ 12.01നാണ് എത്തിയത്. ഇതാണ് പി.എസ്.സി ആയുധമാക്കിയത്. ഒഴിവുണ്ടെങ്കിൽ നിയമനം നൽകണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയും നടപ്പാക്കിയില്ല.