* വെള്ളക്കരം ഒരു പൈസ പേരിൽ കൂട്ടുന്നത് 227%

Sunday 15 January 2023 4:04 AM IST

തിരുവനന്തപുരം: ലിറ്ററിന് വെറും ഒരു പൈസയുടെ വർദ്ധനയെന്ന പേരിൽ വെള്ളക്കരം 227% കൂട്ടുന്നതോടെ ദ്വൈമാസ ബിൽ ഭീമമായി ഉയരും. 150- 250 രൂപ നിലവിൽ നൽകുന്ന ഉപഭോക്താവ് 350 - 600 രൂപ വരെ അടയ്‌ക്കേണ്ടി വരും.

ഈ പിടിച്ചുപറിക്ക് അനുമതി നൽകിയ ഇടതു മുന്നണി തീരുമാനത്തിനെതിരെ ജനരോഷം പുകയുകയാണ്. ബി.ജെ.പി സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭയും ശുപാർശ അതേപടി അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സംസ്ഥാനത്ത് ആദ്യമായാണ് വെള്ളക്കരത്തിൽ ഇത്രയും വലിയ വർദ്ധന വരുത്തുന്നത്.

നിലവിൽ ഒരു യൂണിറ്റിന് (ഒരു കിലോ ലിറ്റർ) 4.40 രൂപയാണ്. ഇത് 14.41 രൂപയാവും. തമിഴ്നാട്ടിൽ ഒരു കിലോലിറ്ററിന് നാലു രൂപ മാത്രം. ഡൽഹിയിലാകട്ടെ 25 കിലോലിറ്റ‍ർ വരെ സൗജന്യമാണ്. 25നു മുകളിൽ 50 കിലോലിറ്റർ വരെ വെറും രണ്ടു രൂപവച്ചും.

സാധാരണ ഉപഭോക്താവ് പ്രതിമാസം ശരാശരി 10 മുതൽ 20 കിലോ ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഉപയോഗമനുസരിച്ച് സ്ളാബ് മാറുമെന്നതിനാൽ തുക വീണ്ടും ഉയരും. 2014ൽ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ 10,000 മുതൽ 50,000 ലിറ്റർ വരെയുള്ള വിവിധ സ്ളാബുകളിൽ അധികമായി ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും 5 മുതൽ 14 രൂപ വരെ കൂട്ടിയിരുന്നു.

 നഷ്ടം നികത്തൽ ജനത്തെ പിഴിഞ്ഞ് നഷ്ടക്കണക്ക് നിരത്തിയാണ് വാട്ടർ അതോറിട്ടി നിരക്ക് വർദ്ധനയെ ന്യായീകരിക്കുന്നത്. 4000 കോടിയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന അതോറിട്ടി മുങ്ങാതിരിക്കണമെങ്കിൽ നിരക്ക് കൂട്ടാതെ വഴിയില്ലത്രെ. ഒരു കിലോലിറ്റർ വെള്ളം നൽകുമ്പോൾ 23.89 രൂപയാണ് ചെലവ്. വരുമാനം 10.50 രൂപ മാത്രവും. കഴിഞ്ഞ ജൂലായ് വരെയുള്ള കണക്കനുസരിച്ച് കുടിശികയിനത്തിൽ 1878 കോടി കിട്ടാനുണ്ട്. ശമ്പളം, പെൻഷൻ, അറ്റകുറ്റപ്പണികളുടെ ചെലവ്, വൈദ്യുതിച്ചെലവ്. വായ്‌പാതിരിച്ചടവ് എന്നിവയ്‌ക്ക് അനുസൃതമായി വെള്ളക്കരത്തിൽ വർദ്ധന ഉണ്ടാകുന്നില്ലെന്നും ന്യായീകരിക്കുന്നു.