ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡനം: അന്വേഷണം തുടരുന്നു

Sunday 15 January 2023 12:45 AM IST
peedanam

കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം തുടർന്ന് പൊലീസ്. 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ശേഷം പ്രതികളെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ പ്രതികളെന്ന് സംശയിക്കുന്നവരെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ സെപ്തംബറിൽ നടന്ന സംഭവത്തിലാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് യുവതി പരാതിയിൽ പറയുന്ന യുവാക്കളെ പരിചയപ്പെടുന്നത്. തുടർന്ന് അടുപ്പം സ്ഥാപിച്ച യുവാവ് പരാതിക്കാരിയെ ഫ്ളാറ്റിൽ എത്തിച്ച് ജ്യൂസിൽ മയക്കുമരുന്നു കലർത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇന്നലെ തന്നെ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തിരുന്നു. പരാതിയിൽ പ്രതി സ്ഥാനത്തുള്ള യുവാക്കളെ ഇതിനു മുമ്പും പൊലീസ് ലഹരി കേസിൽ പിടികൂടിയിട്ടുണ്ട്. സുഹൃത്തുക്കളായ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് യുവതി പരാതി നൽകിയതാവാമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വൈദ്യപരിശോധന അടക്കമുള്ളവ അടുത്ത ദിവസങ്ങളിൽ നടക്കുമെന്ന് പന്തീരങ്കാവ് എസ്.ഐ ധനഞ്ജയദാസ് അറിയിച്ചു.