ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സിനും മക്കൾക്കും ജന്മനാടിന്റെ യാത്രാമൊഴി

Sunday 15 January 2023 4:47 AM IST

വൈക്കം: ബ്രിട്ടണിലെ കെറ്ററിങ്ങിൽ ഭർത്താവ് കൊലപ്പെടുത്തിയ നഴ്സിനും മക്കൾക്കും നാട് നിറകണ്ണുകളോടെ യാത്രാമൊഴിയേകി. ഡിസംബർ 15 നാണ് വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അഞ്ജു (40), മക്കളായ ജീവ (6) ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയത്. ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലവേലിൽ സാജു (52) യു.കെയിൽ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ രാവിലെ ഒൻപതോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ അഞ്ജുവിന്റെ പിതാവ് അശോകൻ ഏറ്റുവാങ്ങി. മൂന്ന് ആംബുലൻസുകളിലായാണ് വീട്ടിലെത്തിച്ചത്. അന്ത്യഞ്ജലി അർപ്പിക്കാൻ വൻജനാവലിയെത്തി. കഴിഞ്ഞ വർഷം ദിവസങ്ങളോളം ഇത്തിപ്പുഴയിലെ വീട്ടിൽ കളിച്ചു നടന്ന പിഞ്ചോമനകളുടെയും പ്രിയപ്പെട്ട അഞ്ജുവിന്റെയും ചേതനയറ്റ ശരീരങ്ങൾ എത്തിയപ്പോൾ നാടിന്റെയാകെ ദുഃഖം അണപ്പൊട്ടി. അഞ്ജുവിന്റെ അരികിൽ പൊന്നോമനകൾക്കും ചിതയൊരുങ്ങി. അശോകന്റെ അനുജന്മാരുടെ മക്കളായ ഉണ്ണി, മനു, ശരത്ത്, സുമിത്ത്, ജിത്തു എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, സി.കെ ആശ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.