ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു കുതിരവട്ടം: മാസ്റ്റർ പ്ലാനിൽ ചർച്ച
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ തുടങ്ങിയവയുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ,വിവിധ തസ്തികകളിലേക്കുള്ള നിയമന നടപടികൾ, സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുമായും ചീഫ് സെക്രട്ടറി ചർച്ച നടത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി, സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഷൈജൽ എം.പി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ഇൻ ചാർജ്) ഡോ.പിയൂഷ് എം, സൂപ്രണ്ട് ഇൻ ചാർജ് ഡോ. അരവിന്ദാക്ഷൻ പി .സി, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.