ശ്രീപദ്മനാഭ സന്നിധിയിൽ ഇന്ത്യൻ താരങ്ങൾ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി ടീം ഇന്ത്യൻ താരങ്ങൾ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയത്. ഹാർദിക് പാണ്ഡ്യ വൈകുന്നേരത്ത് ദർശനം നടത്തി. ടീം ബസിലായിരുന്നു താരങ്ങളുടെ വരവ്. സൂര്യകുമാറിനൊപ്പം കുടുംബവുമുണ്ടായിരുന്നു. ടീം താമസിക്കുന്ന ഹയാത്ത് റിജൻസിയിൽ നിന്ന് 9.45 ഓടെയാണ് ക്ഷേത്രത്തിലെത്തിയത്. വടക്കേനടയിലെത്തിയ ടീമംഗങ്ങളെയും ഫിസിയോ അടക്കമുള്ളവരെയും ക്ഷേത്രം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. പാന്റ്സും ബർമുഡയുമണിഞ്ഞ് എത്തിയ ടീമംഗങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള മുണ്ടും നേരിയതും ഭാരവാഹികൾ നൽകി. എല്ലാവരും അർച്ചന വഴിപാടായി നടത്തി. ഭഗവാന് മുന്നിൽ കാണിക്കയും അർപ്പിച്ചു. 10.45 ഓടെ ക്ഷേത്രദർശനം നടത്തി എല്ലാവരും മടങ്ങി. ഈ സമയം ക്ഷേത്രത്തിനുള്ളിൽ വലിയ തിരക്കുണ്ടാകാത്തതിനാൽ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. 23ലധികം പേരാണ് തൊഴാനെത്തിയത്.ടീമെത്തുന്നത് പുറത്താരും അറിയാത്തതിനാൽ ക്ഷേത്ത്രിന് പുറത്ത് വലിയ ആരാധകത്തിരക്കുണ്ടായില്ല. ഫോട്ടോയെടുക്കാൻ സമീപത്തെത്തിയവരോട് താരങ്ങൾ സഹകരിക്കുകയും ചെയ്തു.