'കിണ്ണം മുട്ടി' കോടതികൾ ഈടാക്കിയത് 56,​600 രൂപ

Sunday 15 January 2023 12:59 AM IST

പാലക്കാട്: ജപ്തി നടപടികളുടെ ഭാഗമായുള്ള 'കിണ്ണം മുട്ടി' വിളംബര ചാർജായി ജില്ലയിലെ വിവിധ കോടതികൾ കഴിഞ്ഞ വർഷം ഈടാക്കിയത് 56,600 രൂപ. പാലക്കാട് ജില്ലാ കോടതി, സബ് കോടതി, മുൻസിഫ് കോടതി എന്നിവ ഉത്തരവുകൾ നടപ്പിലാക്കാൻ 2022 ജനുവരി മുതൽ ഒക്ടോബർ വരെ ഈടാക്കിയ തുകയാണത്.

ചെണ്ടകൊട്ടിയുള്ള വിളംബരം ഇല്ലാതായിട്ട് പതിറ്റാണ്ടുകളായി. നിലവിൽ കിണ്ണം മുട്ടിയാണ് വിളംബരമെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. അവസാനമായി ചെണ്ടകൊട്ടി വിളംബരം നടത്തിയതുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും ലഭ്യമല്ലെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. ചെണ്ടയ്ക്കുള്ള പണം 'ടോം ടോം ചാർജ്' എന്ന പേരിലാണ് കോടതികൾ ഈടാക്കി വരുന്നത്.
ചെണ്ടകൊട്ടി വിളംബരത്തെ പരിഷ്കൃത സമൂഹം തിരസ്കരിച്ചപ്പോഴാണ് ഇപ്പോൾ കോടതികൾ കിണ്ണം മുട്ടുന്നതിനുള്ള ചാർജ് ഈടാക്കുന്നത്.


എന്താണ് ചെണ്ടകൊട്ടി വിളംബരം?

രാജ ഭരണകാലത്ത് പ്രജകൾക്ക് അറിയിപ്പ് നൽകിയിരുന്നത് ഗ്രാമചന്തകളിലോ നാലാൾ കൂടുന്നിടത്തോ രാജ സേവകരെത്തി അറിയിപ്പ് ഉച്ചത്തിൽ പറഞ്ഞാണ്. ആ അവതരണത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്നതിനാണ് ചെണ്ടകൊട്ടുന്നത്. പിൽക്കാലത്ത് ബ്രിട്ടീഷ് കോടതികൾ ജപ്തി നടപടി പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിന് ഈ മാതൃക അനുകരിച്ചു.

അക്ഷരങ്ങളും വാക്കുകളും അന്യമായിരുന്ന കാലത്ത് ശബ്ദസഹായത്തോടെ വിളംബരം ചെയ്യുക എന്നതായിരുന്നു ഏക മാർഗം. കാലം മാറിയതോടെ വിവരം പൊതുസമൂഹത്തിലേത്തിക്കാൻ നിരവധി മാർഗങ്ങളായി. നോട്ടീസ്, പോസ്റ്ററുകൾ, പത്ര- ദൃശ്യമാദ്ധ്യമങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിവ സജീവമായ കാലത്തും കിണ്ണം മുട്ടണ്ടതുണ്ടോ എന്നതാണ് ചോദ്യം.

Advertisement
Advertisement