കുട്ടികളെ ദുരന്തനിവാരണം പഠിപ്പിക്കും: വി.ശിവൻകുട്ടി

Sunday 15 January 2023 12:01 AM IST

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്‌കോത്സവത്തിന്റെ ഭാഗമായി 'കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തിൽ യുണീസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവത്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കും. മനുഷ്യരും പ്രകൃതിയും ഒത്തുപോകുന്ന ജീവിതക്രമത്തിലൂടെയും ശാസ്ത്രീയ മുൻകരുതൽ നടപടികളിലൂടെയും ദുരന്ത വ്യാപ്തി കുറയ്ക്കാനാകുമെന്നും ശിവൻകുട്ടി പറഞ്ഞു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ്, കുഫോസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ.അനു ഗോപിനാഥ്, യുണീസെഫ് കൺസൾട്ടന്റ് ജോ ജോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു.