ഉല്പാദന ചെലവ് കുറയ്ക്കാം; നെല്ല് വൃത്തിയാക്കാൻ 'വിന്നോവർ' എത്തി
ഒറ്റപ്പാലം: നെൽകൃഷിയിൽ ഉല്പാദന ചെലവ് പരമാവധി കുറച്ച് കൃഷി ലാഭകരമാക്കാൻ യന്ത്രവത്ക്കരണം ഏറെ സഹായിക്കുന്നു. ഇതിന് കൂടുതൽ സഹായമേകി പാടശേഖരങ്ങളിൽ കൊയ്‌തെടുത്ത നെല്ല് വൃത്തിയാക്കാൻ 'വിന്നോവർ' യന്ത്രവുമെത്തി. കർഷകർക്ക് വലിയ ചിലവ് വരുത്തുന്നതാണ് നെല്ലിലെ പതിര് കളയലും ഉണക്കലും വൃത്തിയാക്കലും. പഴയ കാലത്ത് പൊലികൂട്ടി പനയോലയും മുറവും ഉപയോഗിച്ചാണ് തൊഴിലാളികൾ ഇതെല്ലാം ചെയ്തിരുന്നത്. പിന്നീട് ചെറിയ മോട്ടോറും ഫാനുകളും ഉപയോഗിച്ചായിരുന്നു ജോലി. ഇതിന് കൂടുതൽ സമയവും സാമ്പത്തിക ചിലവുമുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി വേഗത്തിലും കുറഞ്ഞ സമയം കൊണ്ടും കൂടുതൽ നെല്ല് വൃത്തിയാക്കാൻ വിന്നോവർ യന്ത്രം കൊണ്ട് സാധിക്കും. മോട്ടോറും പൈപ്പും ഉപയോഗിച്ച് നെല്ല് കാറ്റത്തിടുന്ന 'വിന്നോവർ' കൊല്ലങ്കോട് സ്വദേശി അഭിജിത്താണ് നിർമ്മിച്ചത്. ഗുണമേന്മയുളള നെല്ല് ലഭ്യമാക്കുന്നതിനും യന്ത്രം സഹായിക്കുന്നു. ഉല്പാദന ചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്തതാണ് നെൽകൃഷിയിൽ നിന്ന് കർഷകർ പിൻവാങ്ങുന്നതിന് പ്രധാന കാരണം. നെല്ല് സംഭരണത്തിൽ സർക്കാർ ഉയർന്ന വില നൽകുന്നതും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ഉഴവുകൂലി നൽകുന്നതും കൃഷി വകുപ്പ് സുസ്ഥിര നെൽകൃഷി വികസനത്തിന് ഫണ്ടനുവദിയ്ക്കുന്നതും തൊഴിലുറപ്പ് തൊഴിലാളികളെ നെൽകൃഷിക്ക് നിയോഗിക്കുന്നതും മൂലമാണ് ഒരു പരിധിവരെ കർഷകർ മേഖലയിൽ പിടിച്ചു നിൽക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മുലമുള്ള നാശനഷ്ടം, വന്യമൃഗശല്യം, കൂലിച്ചെലവ് എന്നിവയെല്ലാം അതിജീവിച്ച് ഉല്പാദന ചിലവ് കുറയ്ക്കാൻ ഇത്തരം ശാസ്ത്രീയമായ സംവിധാനങ്ങളും നൂതന ആശയങ്ങളും സഹായിക്കും. -ബിജു, കർഷകൻ, കാരക്കാട് പാടശേഖരം, കവളപ്പാറ.