എഴുത്തിന്റെ ആഴക്കടൽ നീന്തിക്കടന്ന് മഞ്ജു

Sunday 15 January 2023 12:09 AM IST
manju

കൊച്ചി: കൊച്ചി ആഴക്കടൽ നീന്തിക്കടന്ന മഞ്ജു ജയപ്രകാശ് ഇപ്പോൾ എഴുത്തിന്റെ വഴിയിലാണ്. മഞ്ജുവിന്റെ ആദ്യ നോവലായ എണ്ണഛായത്തിന്റെ പ്രകാശനം 16ന് വൈകിട്ട് 5.30ന് എറണാകുളംപബ്ലിക് ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ.സാനു പ്രകാശനം ചെയ്യും.

നീന്തലിനോട് അത്രമേൽ ആസക്തിയുള്ള മഞ്ജു എല്ലാ ദിവസവും രാജീവ്ഗാന്ധി ഇന്റോർ സ്റ്റേയത്തിലെ നീന്തൽക്കുളത്തിൽ ഒരു മണിക്കൂർ നീന്തും. 63-ാം വയസിൽ തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ നീന്തലാണെന്നാണ് മഞ്ജുപറയുന്നത്.

ഒരു ദിവസം നീന്തിയില്ലെങ്കിലാണ് ക്ഷീണവും കാലിനും കൈകൾക്കും വേദന തോന്നുകയെന്ന് മഞ്ജു പറയുന്നു. വെറുതെ നീന്തുക മാത്രമല്ല ബാക്‌സ്‌ട്രോക്ക്,ബട്ടർഫ്ളൈ, ഫ്ളിപ്‌ടേർൺ എന്നീ വിവിധ തരം സ്റ്റൈലുകളിലാണ് നീന്തൽ.

കടവന്ത്രയിലെ കൃഷ്ണകൃപയിലെ വീട്ടിൽ എല്ലാത്തിനും പിന്തുണയായി ഭർത്താവ് ജയപ്രകാശും മക്കൾസന്ദീപും കാർത്തിക്കും ഒപ്പമുണ്ട്. ഉച്ചയ്ക്ക് 12മണിക്കാണ് നീന്തൽ പരിശീലനം. ഇത് ഒരുമണിവരെ തുടരും. ഷെയർ ബിസിനസ് രംഗത്ത്ജോലി ചെയ്യുന്ന മഞ്ജു എല്ലാ ദിസവും ജോലിയിൽ നിന്ന് ഒരുമണിക്കൂർ ഇടവേള എടുത്തിട്ടാണ് നീന്താൻ പോകുത്.

കൊവിഡിന് മുമ്പ് ലക്ഷദ്വീപിൽ പോയി ഡൈവ് ചെയ്യുമായിരുന്നു. 2012 ലാണ് കൊച്ചി ബിനാലെയുടെ ഭാഗമായി തന്റെ 53-ാം വയസിൽ മഞ്ജുജയ പ്രകാശ് വൈപ്പിൻ മുതൽ ഫോർട്ട്‌കൊച്ചിവരെയുള്ള കടൽ നീന്തിക്കടന്നത്. കടലിൽ നീന്തണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും മഞ്ജു പറയുന്നു.ഇപ്പോൾ മൂന്ന് നോവലുകളുടെ പണിപ്പുരയിലാണ്. ഇവ സ്വന്തമായി ടൈപ്പ് ചെയ്യുന്നതിന് ടൈപ്പ്റൈറ്റിംഗും പഠിക്കുകയാണ്.

എം.എ ഇംഗ്ലീളും പി.ആറുംപഠിച്ചശേഷം ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എം.എ സൈക്കോളജിചെയ്യുകയാണിപ്പോൾ. ഈമാസം മഹാരാജാസ് കോളേജിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ എം.എ മലയാളം ക്ലാസിനും ചേർന്നിട്ടുണ്ട്.