സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പ് ഇ.ഡിയും ക്രെെംബ്രാഞ്ചും അന്വേഷിച്ചേക്കും

Sunday 15 January 2023 12:00 AM IST

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പിൽ ബിനാമി ഇടപാട് സംശയിക്കപ്പെടുന്നിനാൽ ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിച്ചേക്കും. തട്ടിയ പണം ബിനാമികളിലൂടെ വഴി തിരിച്ചുവിട്ടതിനാലാണ് കമ്പനിയുടമ പ്രവീണിന്റെ അക്കൗണ്ട് കാലിയായതെന്നാണ് പൊലീസ് നിഗമനം. ധൂർത്തടിച്ച് പണം നഷ്ടപ്പെടുത്തിയെന്ന പ്രവീണിന്റെ മൊഴി സംശയാസ്‌പദമാണ്. മുഴുവൻ പണവും അങ്ങനെ നഷ്ടപ്പെടാനിടയില്ല.

മാത്രമല്ല, മൂന്ന് മാസത്തിനിടെ 61 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും പൊലീസ് കണ്ടെത്തി. ഈ തുകയുടെയും അക്കൗണ്ട് ഉടമകളുടെയും കൂടുതൽ വിവരം ശേഖരിക്കുകയാണ്.

തങ്ങളെയും ചതിച്ചെന്ന് പറയുന്ന ജീവനക്കാരിൽ ചിലർ, പ്രവീൺ റാണ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ആരോപിക്കുന്നു. മുങ്ങുന്നതിന്റെ മുന്നോടിയായാണ് തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നാണ് അവരുടെ ആരോപണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും വയനാട്ടിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, 77.5 ലക്ഷത്തിന്റെ ആസ്തിയുണ്ടെന്നും 26 ലക്ഷത്തിന്റെ വാഹനവായ്പ മാത്രമാണ് ബാദ്ധ്യതയെന്നും പ്രവീൺ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

കണ്ണീരുമായി ജീവനക്കാർ

റാണയെ വിശ്വസിച്ച് പണം പിരിച്ചുകൊടുത്ത തങ്ങൾ വെട്ടിലായെന്ന വെളിപ്പെടുത്തലുമായി ജീവനക്കാർ. നിക്ഷേപകർ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഉറങ്ങാനാവാത്ത സ്ഥിതിയാണെന്നും അവർ പറയുന്നു. തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയെന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ കണക്കുകളോ ഇടപാടുകാർക്ക് ചെക്കിലൂടെയും അക്കൗണ്ടിലൂടെയും നൽകുന്ന പണത്തെപ്പറ്റിയോ തങ്ങൾക്ക് അറിയില്ലായിരുന്നു. വാഗ്ദാനം ചെയ്ത തുക കിട്ടുന്നില്ലെന്ന് പലരും പരാതിപ്പെട്ടപ്പോഴാണ് തങ്ങളും പ്രശ്‌നമറിയുന്നതെന്നാണ് ജീവനക്കാരുടെ വാദം. കൂടുതൽ തുക സമാഹരിക്കുന്നവർക്ക് ഉദ്യോഗക്കയറ്റവും റാണ വാഗ്ദാനം ചെയ്തിരുന്നുവത്രേ.

ഒപ്പം നിന്നവർ ഒളിവിൽ

പ്രവീൺ അറസ്റ്റിലായെങ്കിലും കൂട്ടാളികളെക്കുറിച്ച് അറിവില്ലെന്നും ജീവനക്കാർ പറയുന്നു. പ്രവീണിന്റെ പണമിടപാടുകൾ അറിയാവുന്നവർ ഒളിവിലാണ്. രാജിവച്ചെന്നാണ് പറയുന്നതെങ്കിലും പ്രവീൺ അവരെ മാറ്റി നിറുത്തിയിരിക്കാനാണ് സാദ്ധ്യത. ഡിസംബർ 27ന് തൃശൂർ വെളുത്തൂരിലെ റാണ റിസോർട്ടിൽ വിളിച്ച മീറ്റിംഗിന് തൊട്ടു മുമ്പ് ചില ജീവനക്കാരെ കമ്പനിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നതും സംശയാസ്പദമാണ്. ഇവരെ ചോദ്യം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.