ബിനാലെ സവാരി മനോഹരം: സൂസൻ എസ്.ബീൻ

Sunday 15 January 2023 12:07 AM IST
സൂസൻ എസ. ബീൻ, ഡോ. അന്നപൂർണ ഗരിമെല്ല എന്നിവർ ഫോർട്ട് കൊച്ചി ബിനാലെയിൽ

കൊച്ചി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സമകാലീന കലാവതരണങ്ങളുടെ താരതമ്യത്തിനും വിലയിരുത്തലിനും ആസ്വാദനത്തിനും ഉതകുന്നതാണ് കൊച്ചി ബിനാലെയെന്ന് പ്രശസ്ത ക്യൂറേറ്ററും എഴുത്തുകാരിയുമായ സൂസൻ എസ്. ബീൻ പറഞ്ഞു. വ്യക്ത്യാധിഷ്ഠിത കലാപ്രവർത്തനമാണ് ബിനാലെയിലെ ആർട്ടിസ്റ്റുകൾ പലരുടേതുമെന്നും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഒഫ് ഇന്ത്യൻ സ്റ്റഡീസിലെ ആർട്ട് ആൻഡ് ആർക്കിയോളജി വിഭാഗം അദ്ധ്യക്ഷയും ഹവാർഡ് സർവകലാശാലയിലെ പീബോഡി മ്യൂസിയത്തിലെ അസോസിയേറ്റുമായ സൂസൻ നിരീക്ഷിച്ചു. ബിനാലെയിലെ ഗൃഹാതുരത്വമുണർത്തുന്ന അവതരണങ്ങൾ ഏറെ ആകർഷിച്ചെന്ന് അറിയപ്പെടുന്ന ചരിത്രകാരിയും ഡിസൈനറുമായ ഡോ. അന്നപൂർണ ഗരിമെല്ല പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികൾ ഉന്നയിക്കുന്ന സൃഷ്ടികൾക്കൊപ്പം ഇവയുടെ മിശ്രണം ശ്രദ്ധേയമായെന്നും ബെംഗളൂരുവിൽ നിന്നെത്തിയ ക്യൂറേറ്റർ കൂടിയായ അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കരൻ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ കേൽക്കർ, സെലെസ്റ്റ ക്യാപിറ്റൽ മാനേജിംഗ് പാർട്ട്ണർ സുധിർ റാവു എന്നിവരും ഇന്നലെ ബിനാലെ സന്ദർശിച്ചു. ഇന്ന് രാവിലെ 9.30ന് ഫോർട്ടുകൊച്ചി കബ്രാൾ യാർഡ് ബിനാലെ ആർട്ട് റൂമിൽ റിച്ചാ ഝാ നയിക്കുന്ന ' പിക്കിൾ യോക്ക്' ദ്വിദിന പരിശീലനം ആർട്ട് വർക്ക്ഷോപ്പും ബിനാലെയുടെ ആർട്ട് ബൈ ചിൽഡ്രൻ പ്രോജക്ടിലെ ആർട്ട് റൂമിന്റെ ഭാഗമായി വൈകിട്ട് 3 ന് കുട്ടികൾക്കായി

ഫ്രഞ്ച് ബാലസാഹിത്യ ഇല്ലസ്‌ട്രേറ്ററായ ഇമ്മാനുവേൽ ഉസ്സേ നയിക്കുന്ന

'മൈ ഇൻക്രെഡിബിൾ ജേർണി' എന്ന ഇല്ലസ്‌ട്രേഷൻ ശില്പശാലയും നടക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ശില്പശാലയിൽ 6 വയസിനുമേലുള്ള 25 കുട്ടികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 9770633845, 9544888562 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. കബ്രാൾ യാർഡിൽ നടക്കുന്ന തോൽപ്പാവക്കൂത്ത് ശില്പശാല ഇന്ന് സമാപിക്കും. ദോബി ഘാനയിൽ 'കാപ്പിരിമുത്തപ്പനൊപ്പം' ചലച്ചിത്രാസ്വാദന ക്യാമ്പിന്റെ ഭാഗമായി രാത്രി 7 ന് സിനിമ പ്രദർശിപ്പിക്കും.