എ.ബി.വി.പി  സംസ്ഥാന സമ്മേളനം തുടങ്ങി

Sunday 15 January 2023 12:00 AM IST

തിരുവനന്തപുരം: സമഗ്ര വിദ്യാഭ്യാസം സ്വാശ്രയ ഭാരതം എന്ന മുദ്രാവാക്യവുമായി എ.ബി.വി.പിയുടെ 38 ാമത് സംസ്ഥാന സമ്മേളനം ടാഗോർ തിയേറ്ററിൽ തുടങ്ങി.ദേശീയജോയിന്റ് ഓർഗനൈസിംഗ് സെക്രട്ടറി എസ്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ ഭാരതീയ ഭാഷകളും രാഷ്ട്രഭാഷയാണെന്നും ഭാഷകളുടെപേരിൽ വിവാദം ഉണ്ടാക്കി രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം തകർക്കാനുള്ള കുത്സിത ശക്തികളുടെ ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, കൃഷി, പരിസ്ഥിതി, കായികം തുടങ്ങി വ്യത്യസ്തമേഖലകളിലെ ഭാരതത്തിന്റെ സ്വത്വം വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് ലക്ഷ്യത്തിലേക്ക് നയിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് യത്നിച്ചവർ ആരൊക്കെയാണെന്ന് ഇതുവരെയുണ്ടായിരുന്ന പ്രചാരണം തെറ്റാണെന്ന് ആസാദി കാ അമൃത് മഹോത്സവത്തിലൂടെ രാജ്യം തിരിച്ചറിഞ്ഞു. ഇത്തരം തിരിച്ചറിവുകളിൽ നിന്ന് സ്വന്തം പഠനരീതി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.ബി.വി.പി സംസ്ഥാന പ്രസിഡന്റ്‌ഡോ.ബി.ആർ.അരുൺ അദ്ധ്യക്ഷനായി. സ്വാഗതസംഘം അദ്ധ്യക്ഷൻ ടി.പി.സെൻകുമാർ, ജനറൽ സെക്രട്ടറി, കെ.പി.കൈലാസ്നാഥ്, എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി, സംസ്ഥാന സമിതിയംഗം എം.പാർവതി തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം 16ന് അവസാനിക്കും. 2022 23ലെ ഭാരവാഹികളായിഡോ.അരുൺ കടപ്പാൽ (കൊല്ലം), എൻ.സി.ടി.ശ്രീഹരി (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.