വാർദ്ധക്യത്തിന്റെ അവശത മറന്ന് അവർ ഒത്തുകൂടി

Sunday 15 January 2023 12:19 AM IST

കളമശേരി: വാർദ്ധക്യത്തിന്റെ അവശതകൾക്ക് അവധികൊടുത്ത് അദ്ധ്യാപക-അനദ്ധ്യാപകർ ഇന്നലെ രാവിലെ ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂളിൽ ഒത്തുകൂടി. സ്കൂളുകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് മുമ്പ് ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലും അമ്പലമേടിലുമായി ആറ് സ്കൂളുകളിൽ ജോലി ചെയ്തിരുന്നവരാണ് സംഗമത്തിനെത്തിയത്.

2008 മുതലാണ് ഈ കൂട്ടായ്മ തുടങ്ങിയത്. അന്ന് 180 അംഗങ്ങളുണ്ടായിരുന്നു. അവരിൽ പലരും ലോകത്തോട് വിടപറഞ്ഞു. പ്രായാധിക്യവും അസുഖവും മൂലം വരാൻ പറ്റാത്തവർ ഫോണിലൂടെ ആശംസകൾ അറിയിച്ചു. 60 പേരാണ് ഇന്നലെ സംഗമത്തിനെത്തിയത്. മക്കളുടേയും പേരക്കുട്ടികളുടേയും സഹായത്തോടെ എത്തിയവരുമുണ്ട്. ജില്ലയുടെ പുറത്ത് താമസമാക്കിയവരും സംഗമത്തിനെത്തി. 90 വയസ്സുള്ള വിദ്യാസാഗരൻ മാഷാണ് എത്തിയവരിൽ സീനിയർ. സപ്തതി ,നവതി പിന്നിട്ടവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചും പാട്ടു പാടിയും സദ്യ കഴിച്ചും വീണ്ടും അടുത്ത വർഷം കാണാമെന്ന പ്രതീക്ഷയിൽ അവർ മടങ്ങി. മുൻ ഹെഡ്മാസ്റ്റർമാരായ ഡി. ഗോപിനാഥൻ നായർ, രാധാകൃഷ്ണൻ നായർ, കെ.ആർ.മാധവൻകുട്ടി , ബാബു വർഗീസ് എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്നത്.