എന്റേത് മുഖ്യമന്ത്രി കോട്ട് അല്ല:ശശി തരൂർ, ചെന്നിത്തലക്ക് മറുപടി

Sunday 15 January 2023 12:00 AM IST

കണ്ണൂർ : മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ശശി തരൂർ.

ഞാൻ ഇട്ടിരിക്കുന്നത് മുഖ്യമന്ത്രി കോട്ട് അല്ല, നമ്മുടെ മുഖ്യമന്ത്രിമാർ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചു വച്ചിരിക്കുന്നതെന്നും അത് പറയുന്നവരോട് ചോദിക്കണ്ടേ എന്ന് കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾക്ക് തരൂർ മറുപടി നൽകി.

കേരളത്തിലുള്ളപ്പോൾ കൂടുതൽ സമയവും താൻ തിരുവനന്തപുരത്താണ്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നതിനാൽ കുറേ പരിപാടികൾക്ക് ക്ഷണം ലഭിക്കുന്നുണ്ട്. സമയം കിട്ടുന്നതുപോലെ പോകാറും പ്രസംഗിക്കാറുമുണ്ട്. 14 വർഷമായി ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോഴും ചെയ്യുന്നത്. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല - തരൂർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.കരുണാകരൻ സെന്റർ നിർമ്മാണ ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂരിനെ രമേശ് ചെന്നിത്തല വിമർശിച്ചത്. നാലുവർഷം കഴിഞ്ഞ് രാജ്യത്തും കേരളത്തിലും ആരൊക്കെ എന്തൊക്കെയാകുമെന്ന് ആർക്കുമറിയില്ല. അതിനാൽ ഞാൻ ഇന്നത് ആകുമെന്ന് ആരും ഇപ്പോൾ പറയണ്ട. കോട്ട് തയ്ച്ചുവെച്ചിട്ടുള്ളവർ അത് ഊരിവെച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ, എം.എം.ഹസ്സൻ എന്നിവരും ശശി തരൂരിനെതിരെ പ്രസ്താവനകൾ നടത്തിയിരുന്നു.