നഷ്ടത്തിലായ കോളേജുകൾക്കും സ്വകാര്യ വാഴ്സിറ്റി അനുവദിക്കും, പ്രഖ്യാപനം ബഡ്ജറ്റിൽ

Sunday 15 January 2023 12:00 AM IST

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്ന പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടായേക്കും. പൂർണമായും സ്വകാര്യ നിക്ഷേപമായിരിക്കും. നഷ്ടത്തിലായ സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾക്കും അപേക്ഷിക്കാം. 20 വർഷമെങ്കിലും പ്രവർത്തിച്ചവയാവണം.

സ്വകാര്യ സർവകലാശാലയ്ക്ക് തമിഴ്നാട്ടിൽ നൂറേക്കർ ഭൂമിവേണം. ഭൂമിക്ക് വിലക്കൂടുതലായതിനാൽ പത്ത് ഏക്കർ ഭൂമി എന്ന വ്യവസ്ഥയാവും നിയമത്തിലുൾപ്പെടുത്തുക. ഹരിയാനയിൽ പത്തേക്കർ മതി.

ഡൽഹി അമിറ്റി ഗ്രൂപ്പ്, ഒരു അതിരൂപത, ഗൾഫിലെ വിദ്യാഭ്യാസ ഗ്രൂപ്പ്, കർണാടകത്തിലെ മെഡിക്കൽ സർവകലാശാല എന്നിങ്ങനെ പ്രമുഖർ രംഗത്തുണ്ട്. റിലയൻസ്, അദാനി ഗ്രൂപ്പ്, അശോക, അസിംപ്രേംജി തുടങ്ങി വൻ ഗ്രൂപ്പുകളും താത്പര്യമറിയിച്ചിട്ടുണ്ട്. ഇവർ സമർത്ഥരായ കുട്ടികൾക്ക് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുപയോഗിച്ച് സ്കോളർഷിപ്പ് നൽകും.

സ്കോളർഷിപ്പും പട്ടിക, പിന്നാക്ക വിഭാഗ സംവരണവും ഉറപ്പ് നൽകിയാലേ സ്വകാര്യ സർവകലാശാലകൾക്ക് എൻ.ഒ.സി നൽകൂ. നിശ്ചിത ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിക്കുന്ന ഫീസായിരിക്കും. എന്നാൽ ചില പ്രോത്സാഹന ഇളവുകൾ നൽകും.

സ്വകാര്യസർവകലാശാലകൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവ സർവകലാശാലകളുടെ അധികാരമാണ്.

സംസ്ഥാന നയത്തിന് വിരുദ്ധമായ നടപടികൾ പാടില്ലെന്ന് സ്വകാര്യസർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ടാവും. നയപരമായ തീരുമാനങ്ങൾക്ക് സർക്കാരിന്റെ അനുമതി വേണം.

കൽപ്പിത സ‌ർവകലാശാലകൾ പുതിയതായി അനുവദിക്കേണ്ടെന്നാണ് തീരുമാനം. കൊച്ചി രാജഗിരിയും തിരുവനന്തപുരത്തെ മാർ ഇവാനിയോസും അപേക്ഷിച്ചിരുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല.

ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി കോടികൾ സർക്കാർ ചെലവിടുമ്പോഴും കൽപ്പിത സ‌ർവകലാശാലയിൽ സർക്കാരിനും ഉന്നതവിദ്യാഭ്യാസ കൗൺസിലിനും നിയന്ത്രണമുണ്ടാവില്ല. സർക്കാരുമായി സീറ്റ് പങ്കുവയ്ക്കുകയോ കുട്ടികൾക്ക് ഫീസിളവ് നൽകുകയോ ചെയ്യില്ല.