കെ.എസ്.ഇ.ബി പണം  സ്വകാര്യ ബാങ്കി​ലേക്ക്,​ ബിൽത്തുകയടയ്ക്കാൻ വഴിവിട്ട കരാർ,​ ഒരു ദിവസത്തെ ബിൽ കളക്ഷൻ 34.5 കോടി

Sunday 15 January 2023 4:22 AM IST

തിരുവനന്തപുരം: ബി​ൽത്തുക സ്വന്തം അക്കൗണ്ടി​ലേക്ക് നേരി​ട്ട് സ്വീകരി​ക്കുന്നതിന് പകരം 36 കോടിയോളം രൂപ ദിവസവും ന്യൂജെൻ സ്വകാര്യ സ്ഥാപനമായ യെസ് ബാങ്കി​ലെത്താൻ വഴി​യൊരുക്കി ​കെ.എസ്. ഇ.ബി​ കരാറി​ലേർപ്പെട്ടു.

യെസ്ബാങ്കിന്റെ ആൻഡ്രോയ്ഡ് സ്‌പോട്ട് ബില്ലിംഗ് മെഷീനുമായി മീറ്റർ റീഡർമാർ വരും. അപ്പോൾത്തന്നെ പണമടയ്ക്കാം. തുക നേരേ യെസ് ബാങ്കിലേക്ക്. അടുത്ത ദിവസമേ കെ.എസ്. ഇ.ബി​ അക്കൗണ്ടിലേക്ക് മാറ്റൂ. നിലവിൽ പണം എത്തുന്നത് ദേശീയ ബാങ്കായ എസ്.ബി.ഐയുടെ കെ.എസ്.ഇ.ബി അക്കൗണ്ടിലാണ്.

ആറു മാസത്തേക്ക് തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് സംസ്ഥാനം മുഴുവനും പുതിയ സംവിധാനം നടപ്പാക്കും.

സ്മാർട്ട് മീറ്റർ വച്ച് വൈദ്യുതി​ നി​രക്ക് ഓഫീസി​ൽ ഇരുന്നുതന്നെ ഈടാക്കാൻ സർക്കാർ തീരുമാനി​ച്ചി​രി​ക്കേയാണ് സ്വകാര്യ സ്ഥാപനത്തെ ബോർ‌ഡ് വളർത്തുന്നത്.

മുൻപ് കി​ഫ്ബി​യുടെ ഫണ്ട് കൈകാര്യം ചെയ്യാൻ യെസ് ബാങ്കി​ന് അനുമതി​ നൽകി​യത് വി​വാദമാവുകയും തീരുമാനം പി​ൻവലി​ക്കുകയും ചെയ്തി​രുന്നു. സ്മാർട്ട് മീറ്റർ കരാർ കേന്ദ്ര സ്ഥാപനത്തിന് നൽകുന്നതിനെ എതിർക്കുന്ന ഭരണാനുകൂല സംഘടനകൾ പക്ഷേ, ഈ സ്വകാര്യ ഇടപാടിനെതിരെ മിണ്ടുന്നില്ലെന്നതാണ് വൈരുദ്ധ്യം.

ബില്ലിംഗിനുള്ള ഫിനാൻസ് സോഫ്റ്റ് വെയർ എയ്സ് വെയർ ഫിൻടെക് എന്ന സ്ഥാപനത്തിൽ നിന്ന് കെ.എസ്.ഇ.ബി തന്നെ വിലകൊടുത്തുവാങ്ങും. യെസ് ബാങ്കിന്റെ ബില്ലിംഗ് മെഷീനിൽ ഇത് ഇൻസ്റ്റാൾ ചെയ്യും.

മീറ്റർ റീഡർമാർ അപ്പോൾത്തന്നെ ഓൺ​ലൈനായി​ പണം കൈപ്പറ്റുന്നതി​നാൽ കാലതാമസം ഒഴി​വാകുമെന്നാണ് കെ.എസ്.ഇ.ബി​യുടെ ന്യായം. എന്നാൽ സ്വന്തം അക്കൗണ്ടി​ലേക്ക് പണം സ്വീകരിച്ചുകൂടേ എന്നതി​ന് മറുപടിയില്ല. അതി​നുള്ള സോഫ്ട് വെയറും ഡി​വൈസും വി​പണിയി​ൽ ലഭ്യമാണ്.

സംസ്ഥാന സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകൾ ദേശസാൽകൃത ബാങ്കുകൾ വഴി​ നടത്തണമെന്നാണ് നി​ബന്ധന. കെ.എസ്.ഇ.ബി.യുടെ ബിൽ സമാഹാരണം നേരിട്ട് നടത്തണം.

നി​ലവി​ൽ

1. മീറ്റർ റീഡർമാർ കെ.എസ്.ഇ.ബി.യുടെ തന്നെ ബട്ടൺ ടൈപ്പ് മെഷീനുമായി വീടുകളിൽ പോയി മീറ്റർ റീഡ് ചെയ്ത് ബില്ലിന്റെ പ്രിന്റെടുത്ത് നൽകുന്നു

2. ബിൽത്തുക മൊബൈൽ ആപ്പിലൂടെയോ, നേരിട്ടോ, ബാങ്കിന്റെ ഓൺലൈൻ സംവിധാനത്തിലോ, യു.പി.ഐ വഴിയോ അടയ്ക്കാം

ഇനി

1.യെസ്ബാങ്കിന്റെ മെഷീനിൽ നിന്ന് ബില്ലിന്റെ പ്രിന്റെടുത്ത് നൽകുമ്പോൾ ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചോ യു.പി.ഐ വഴിയോ അപ്പോൾത്തന്നെ പണമടയ്ക്കാം. പിന്നീ‌ട് അടച്ചാലും പണം യെസ് ബാങ്ക് അക്കൗണ്ടിലേക്ക്

2. മെഷീനൊന്നിന് മാസം 90രൂപ വാടകയും ജി.എസ്.ടിയും യെസ്ബാങ്കിന് നൽകണം. കെ.എസ്.ഇ.ബി​ക്ക് പ്രത്യേകി​ച്ച് ആനുകൂല്യം ബാങ്ക് നൽകില്ല. പരീക്ഷാടിസ്ഥാനത്തിൽ നടപ്പാക്കാൻ 200 മെഷീനുകൾ കെ.എസ്.ഇ.ബി. വാങ്ങിക്കഴിഞ്ഞു

Advertisement
Advertisement