ജില്ലയിൽ 10,000 സംരംഭങ്ങൾ ആരംഭിച്ചു
പാലക്കാട്: സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 10,000 സംരംഭം ആരംഭിച്ചു. ഇതിനോടകം 79% നേട്ടമാണ് പദ്ധതിയിൽ ജില്ല കൈവരിച്ചത്. 10,051 സംരംഭം ആരംഭിച്ചതിലൂടെ 497.4 കോടിയുടെ നിക്ഷേപവും 22,123 പേർക്ക് തൊഴിലും ലഭിച്ചു. ഇതിൽ 2729 സംരംഭങ്ങൾ വനിതകൾ ആരംഭിച്ചതാണ്. 498 സംരംഭകർക്കായി 18.96 കോടി ബാങ്ക് വായ്പ ലഭ്യമാക്കി. ആരംഭിച്ച സംരംഭങ്ങളിൽ 1290 എണ്ണം ഉല്പാദന മേഖലയിലും 4123 എണ്ണം സേവന മേഖലയിലും 4638 എണ്ണം വ്യാപാര മേഖലയിലുമാണ്. വടക്കഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, പൊൽപ്പുള്ളി, കൊടുവായൂർ പഞ്ചായത്തുകളിൽ 100% നേട്ടം കൈവരിച്ചു. ഭക്ഷ്യസംസ്‌കരണം, വസ്ത്ര നിർമ്മാണം, വിവിധ വ്യാപാര സ്ഥാപനം എന്നിവയിലാണ് കൂടുതൽ സംരംഭങ്ങൾ. ഗാർമെന്റ്സ് ആൻഡ് ടെക്സ്‌റ്റൈൽസ് രംഗത്ത് 1381 സ്ഥാപനങ്ങൾ തുടങ്ങിയതിലൂടെ 42.81 കോടിയുടെ നിക്ഷേപവും 3047 പേർക്ക് തൊഴിലും ലഭിച്ചു. ഭക്ഷ്യമേഖലയിൽ 57.65 കോടിയുടെ നിക്ഷേപവുമായി 1329 സംരംഭം ആരംഭിച്ചതിലൂടെ 3462 പേർക്ക് തൊഴിൽ ലഭിച്ചു. സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്.