നഗരസഭ കുടിശിക അടച്ചില്ല, കുടിവെള്ളം മുട്ടി സ്കൂൾകുട്ടികൾ

Sunday 15 January 2023 12:21 AM IST

പരവൂർ: നഗരസഭ കുടിശിക അടക്കാത്തതിനാൽ കൂനയിൽ ഗവ.എൽ.പി.എസിലെ കുട്ടികളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. സ്കുളിലെ കിണറും വറ്റിയതോടെ കുടിവെള്ളത്തിന് മാർഗമില്ലാതെ 350 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഒരു മാസം മുമ്പാണ് കുടിശിക അടയ്ക്കാത്തതിനെതുടർന്ന് ജലവിതരണ വകുപ്പ് സ്കൂളിലെ കണക്ഷൻ വിച്ഛേദിച്ചത്. 53000 രൂപയാണ് നഗരസഭ കുടിശികയായി അടക്കാനുള്ളത്. കൊവിഡ് വ്യാപന കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നപ്പോൾ ടാങ്കിൽ നിന്ന് വെള്ളം ചോർന്നതാണ് ബിൽ തുക കൂടാൻ കാരണമായതെന്നാണ് ജലവിതരണ വകുപ്പ് പറയുന്നത്. 1.88 ലക്ഷം രൂപയുടെ ബിൽ കുടിശികയാണുണ്ടായത്. ചോർച്ച പരിഗണിച് അദാലത്തിൽ ഇത് ഒരു ലക്ഷം രൂപയായി കുറച്ചു . ഇതും അടയ്ക്കാത്തതിനെ തുടർന്നാണ് ഒരുമാസം മുമ്പ് കണക്ഷൻ വിച്ഛേദിച്ചത്. ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭയും തമ്മിൽ ഒരാഴ്ച മുൻപ് നടത്തിയ ചർച്ചയിൽ 53000 രൂപ ആദ്യം അടച്ചാൽ ജലവിതരണം പുനസ്ഥാപിക്കാമെന്ന് ധാരണയായിരുന്നു. ബാക്കി തുക ഗഡുക്കളായി അടച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ചർച്ച നടന്ന ദിവസം കൗൺസിൽ യോഗം ഉണ്ടായിട്ടും വിഷയം നഗരസഭ പരിഗണിച്ചില്ല. വിദ്യാർത്ഥികളുടെ കുടിവെള്ളത്തെ ബാധിക്കുന്ന വിഷമായിട്ടും അടിയന്തര കൗൺസിൽ യോഗം വിളിക്കാനും നഗരസഭ തയ്യാറാകുന്നില്ല.16 നാണ് ഇനി കൗൺസിൽ യോഗം ചേരുന്നത്. താത്കാലികമായി ടാങ്കറിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.