പശുക്കളിൽ ചർമ്മമുഴ: കൊല്ലത്ത് രോഗം പടരുന്നു, രണ്ടെണ്ണം ചത്തു

Sunday 15 January 2023 1:15 AM IST

 പ്രതിരോധ കുത്തിവയ്പ്പ് നാളെ മുതൽ

കൊല്ലം: പശുക്കളിലെ ചർമ്മമുഴ കൊല്ലം ജില്ലയിലും പടരുന്നു. രണ്ട് മാസത്തിനിടെ 159 പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. രണ്ടു പശുക്കൾ ചത്തു. ചർമ്മ രോഗത്തോടൊപ്പം മറ്റ് രോഗങ്ങൾ കൂടി പിടിപെട്ടാണ് പശുക്കൾ ചത്തത്.
ജില്ലയിൽ ദിവസവും കൂടുതൽ പശുക്കളിൽ രോഗം പടരുന്നതായാണ് റിപ്പോർട്ട്. തേവലപ്പുറം, പെരിനാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചിറക്കര, പൂയപ്പള്ളി, കൊട്ടാരക്കര, തെന്മല തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം പടരുന്നത്. സംസ്ഥാനത്ത് തൃശൂർ, മലപ്പുറം ജില്ലകളിൽ എട്ട് മാസമായി കണ്ടുവരുന്ന രോഗം രണ്ടുമാസം മുമ്പാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

ചെറിയ തടിപ്പ് ആദ്യ ലക്ഷണം
ആദ്യലക്ഷണം 3 മുതൽ 5 സെന്റി മീറ്റർ വ്യാസത്തിൽ ചെറിയ തടിപ്പ്
ഇത് പിന്നീട് വലിയ മുഴയായി മാറും
മുഴ പൊട്ടി വ്രണമായി ഈച്ചകൾ മുട്ടയിട്ട് പുഴുക്കളാകും
അഹനീയമായ വേദനയാകുന്നതോടെ പശു തീറ്റയെടുക്കാതാകും
പാൽ ലഭ്യതയിൽ 30 ശതമാനം വരെ കുറവുണ്ടാവും


ആദ്യമായി രോഗം കണ്ടെത്തിയത്
1927ൽ ആഫ്രിക്കയിലെ സാംബിയയിൽ


പ്രതിരോധ വാക്‌സിൻ തയ്യാറായി
ജില്ലയിൽ രോഗ പ്രതിരോധം ശക്തമാക്കി. ആടുകളിൽ സാധാരണ വരുന്ന പോക്‌സ് രോഗങ്ങൾക്ക് നൽകുന്ന വാക്‌സിൻ പശുക്കളിലെ ചർമ്മ മുഴയ്ക്ക് ഫലപ്രദമാണ്. സർക്കാർ 10 ലക്ഷം രൂപ ചെലവിൽ ഗോട്ട് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിന് 5.25 രൂപയാണ് വില. സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. തിങ്കളാഴ്ച വാക്‌സിൻ വിതരണം ആരംഭിക്കും. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 142 സ്‌ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചത്.


പോക്‌സ് ഇനത്തിൽ പെട്ട വൈറസാണ് രോഗം പടർത്തുന്നത്. രോഗം വളരെ വേഗം പടരും. രോഗ പ്രതിരോധത്തിന് എല്ലാ പശുക്കൾക്കും വാക്‌സിൻ നൽകണം.

ഡോ. ഡി. ഷൈൻ കുമാർ,
മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ

Advertisement
Advertisement