ഒളപ്പമണ്ണയുടെ കവിതകൾ പ്രകൃതിയാൽ പ്രചോദിതം: ബാലചന്ദ്രൻ ചുള്ളിക്കാട്‌

Sunday 15 January 2023 1:24 AM IST

മഹാകവിയുടെ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം

ചെർപ്പുളശ്ശേരി: പ്രകൃതിയാൽ പ്രചോദിതമാണ് ഒളപ്പമണ്ണയുടെ കവിതകളെന്നും ആവർത്തനത്താൽ വിരസമാകാത്ത അനുഭൂതിയാണ് അതിന്റെ പ്രത്യേകതയെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ നടക്കുന്ന മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദി ആഘോഷം വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപനിഷത്ത് പഠിച്ചിട്ടല്ല, സ്വന്തം ഭാര്യയുടെയും മക്കളുടെയും ജീവിതം നിരീക്ഷിച്ചിട്ടാണ് സൗന്ദര്യാത്മകമായ സൃഷ്ടികൾ അദ്ദേഹം രചിച്ചിട്ടുള്ളത്. രാത്രിയും പകലുമില്ലാതെ ഭൂമിയെ സങ്കൽപ്പിച്ച് കവിതയെഴുതാൻ ഒളപ്പമണ്ണയ്ക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമി എക്സിക്യുട്ടീവ് അംഗം പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിന് അർഹനായ കെ.പി. ശങ്കരനെ ആദരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ പി.എ. വാസുദേവൻ, ഹരി ഒളപ്പമണ്ണ, ശ്രീദേവി ഒളപ്പമണ്ണ, വിജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. കവി സമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.