മന്ത്റിയപ്പൂപ്പൻ എന്തു തരണം?  സാഹിത്യകൃതികൾ ചോദിച്ച്  വരദ

Sunday 15 January 2023 1:26 AM IST

താരമായത് കേരളകൗമുദി വാർത്തയിലൂടെ

തിരുവനന്തപുരം: ഒരു വർഷം 170 പുസ്തകങ്ങൾ വായിച്ചുതീർത്ത വിളവൂർക്കൽ ഗവ.ഹൈസ്‌കൂളിലെ മൂന്നാം ക്ലാസുകാരി വരദയ്ക്ക് മന്ത്രി അപ്പൂപ്പന്റെ സ്‌നേഹസമ്മാനം. കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വി.ശിവൻകുട്ടി ഇന്നലെ രാവിലെയാണ് നിയമസഭാ പുസ്തകോത്സവത്തിനിടെ വരദയെ കണ്ടത്. വായിച്ച പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പേരുകൾ ചോദിച്ച ശിവൻകുട്ടി വരദ നിരത്തിയ നീണ്ട പട്ടിക കേട്ട് വിസ്മയിച്ചു. അപ്പൂപ്പൻ എന്ത് സമ്മാനമാ തരേണ്ടത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സ്‌കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ വേണമെന്നായി വരദ. ലൈബ്രറിയിലേയ്ക്ക് നൂറ് പുസ്തകങ്ങൾ ഉടനടി നൽകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി അവിടത്തെ സാഹചര്യം പരിശോധിച്ചശേഷം കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കാൻ അടുത്തുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിന് നിർദ്ദേശം നൽകി.

ഇത്രയും പുസ്തകങ്ങൾ വായിച്ചപ്പോൾ എന്ത് തോന്നുന്നുവെന്നായിരുന്നു മന്ത്റിയുടെ അടുത്ത ചോദ്യം. സന്തോഷമാണെന്നും വായിച്ച പുസ്തകങ്ങളുടെയെല്ലാം ആസ്വാദനകുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും വരദ മറുപടി നൽകി. അതുപോരെന്നും പുസ്തകങ്ങൾ വായിച്ചതിലൂടെയുണ്ടായ അനുഭവം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും വേണ്ടി പുസ്തക രൂപത്തിൽ എഴുതണമെന്ന് ശിവൻകുട്ടി പറഞ്ഞു. പുസ്തകം എഴുതുമെന്ന് ഉറപ്പ് വാങ്ങിയ ശിവൻകുട്ടി പ്രകാശനത്തിന് തന്നെ വിളിക്കണമെന്ന് ഓർമ്മിപ്പിച്ച ശേഷമാണ് മടങ്ങിയത്. മന്ത്രിയെ കണ്ട ആവേശത്തിനിടയിലും സന്തോഷ വാർത്ത അദ്ധ്യാപകരെയും കൂട്ടുകാരെയും വിളിച്ചറിയിക്കാൻ വരദ മറന്നില്ല.

Advertisement
Advertisement