ഗോത്രവർഗ മ്യൂസിയം കടലാസിലൊതുങ്ങി, പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി

Sunday 15 January 2023 1:29 AM IST

തിരുവനന്തപുരം: കിർത്താഡ്സും കേരള മ്യൂസിയവും സർക്കാർ അംഗീകാരത്തോടെ ഒപ്പിട്ട ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയ നിർമ്മാണത്തിന്റെ ധാരണാപത്രം റദ്ദാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗങ്ങളുടെ സംഭാവനകൾ പരിഗണിച്ച് പ്രത്യേക മ്യൂസിയം സ്ഥാപിക്കാനുളള കേന്ദ്രസർക്കാർ തീരുമാനമാണ് സംസ്ഥാനത്ത് നിർജീവമായിരിക്കുന്നത്. 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആറര വർഷത്തിനിപ്പുറവും പദ്ധതിരേഖ പോലും തയ്യാറാക്കാൻ സംസ്ഥാനത്തിനായില്ല.

2021 ഒക്ടോബർ 30നാണ് മന്ത്രി കെ.രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആർ.ചന്ദ്രൻപിള്ളയും കിർത്താഡ്സ് ഡയറക്‌ടർ ഡോ. എസ്.ബിന്ദുവും ധാരണാപത്രത്തിൽ ഒപ്പിട്ടത്. കോഴിക്കോട് കിർത്താഡ്‌സ് കാമ്പസിൽ മ്യൂസിയം നിർമ്മിക്കാനായിരുന്നു തീരുമാനം. എന്നാൽ 2022 മേയ് 15ലെ ഉത്തരവിൽ വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിൽ 20 ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തുകയും ഭൂമി കിർത്താഡ്സ് ഡയറക്‌ടർക്ക് അനുവദിച്ച് നൽകാൻ പട്ടികവർഗ ഡയറക്‌ടർക്ക് നിർദ്ദേശവും നൽകിയിരുന്നു.

പദ്ധതിയുടെ ഡി.പി.ആർ കേരള മ്യൂസിയം ഇതുവരെ നൽകിയില്ലെന്നും അതിനാൽ പദ്ധതി നടത്തിപ്പിൽ കാലതാമസം നേരിടുന്നുവെന്നും കിർത്താഡ്സ് ഡയറക്‌ടർ സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ ദേശീയ ടെൻഡർ സ്വീകരിക്കണമോ എന്നതിൽ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമാണെന്നും കിർത്താഡ്സ് ഡയറക്‌ടറുടെ കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കേരള മ്യൂസിയവും അറിയച്ചതോടെയാണ് ധാരണാപത്രം റദ്ദായത്.

മറ്റ് സംസ്ഥാനങ്ങൾ ബഹുദൂരം മുന്നിൽ

ഗുജറാത്ത്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തെലങ്കാന, മണിപ്പൂർ, മിസോറാം സംസ്ഥാനങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി, 3ഡി/7ഡി ഹോളോഗ്രാഫിക് പ്രൊജക്‌ഷൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ മ്യൂസിയങ്ങളിലുണ്ടാകും.

പദ്ധതിച്ചെലവ് - 16.16 കോടി

'ശുഭാപ്‌തി വിശ്വാസത്തോടെയാണ് മന്ത്രി ഞങ്ങളെ ചുമതലയേൽപ്പിച്ചത്. പക്ഷെ പദ്ധതി നടപ്പിലാകുന്ന ഘട്ടത്തിലേയ്‌ക്കെത്തിയപ്പോൾ പല തടസങ്ങളും നേരിടേണ്ടി വന്നു. ഇനിയും കാലതാമസം വേണ്ടെന്ന് കരുതിയാണ് കേരള മ്യൂസിയം സ്വയം പിന്മാറിയത്."

ആർ.ചന്ദ്രൻപിള്ള

എക്‌സിക്യൂട്ടീവ് ഡയറക്‌ടർ,

കേരള മ്യൂസിയം

Advertisement
Advertisement