തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ മണ്ണാറക്കുളഞ്ഞി വളവിൽ കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾ അടക്കം 15പേർക്ക് പരിക്ക്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പാറശാല റെയിൽവേ സ്റ്റേഷന് സമീപം ഇഞ്ചവിള സ്വദേശികളായ ശിവപ്രസാദ് (30) , വേണുഗോപാലൻ നായർ (65), അരുൺകുമാർ (30), വിശാഖ് (35), മണികണ്ഠൻ (33), രഞ്ജുഷ് (36), മഞ്ജുഷ് (42), കാർത്തിക ലാൽ (16), കിരൺബോസ് (24), ഷിജു (35), കൃഷ്ണജിത്ത് (ഏഴ്), തേജസ് (ഏഴ്), ശിവാനി (അഞ്ച്), ശ്രീജ്യോതി (നാല്), സന്തോഷ് കുമാർ (49) എന്നിവർക്കാണ് പരിക്കേറ്റത്. തേജസിന്റെ കൈ ഒടിഞ്ഞു. മറ്റുള്ളവർക്ക് കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റവർ ബന്ധുക്കളാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനത്തിന് പോകുകയായിരുന്ന പാറശാല സ്വദേശികളുടെ മിനിബസിൽ , ദർശനം കഴിഞ്ഞ് മടങ്ങി ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പാറശാല സ്വദേശികൾ ശബരിമല യാത്ര മാറ്റിവച്ച് നാട്ടിലേക്ക് മടങ്ങി. ഇവർ സഞ്ചരിച്ച മിനി ബസിന് തകരാറുകൾ പറ്റി.