കോർപ്പറേഷൻ ഭരണത്തിനെതിരെ യു.ഡി.എഫ് തുടർ സമരത്തിന്

Monday 16 January 2023 12:06 AM IST
UDF

കോഴിക്കോട്: നഗര ഭരണത്തിനെതിരെ യു.ഡി.എഫ് തുടർ സമരത്തിന്. കോതിയിലും ആവിക്കൽതോട് പ്രദേശത്തും എസ്.ടി.പി അടിച്ചേൽപ്പിക്കുന്ന ജനവിരുദ്ധ നിലപാടിനും കോർപ്പറേഷൻ അഴിമതിക്കുമെതിരെ യു.ഡി.എഫ് ആഭിമുഖ്യത്തിൽ നടത്തുന്ന ഉപരോധ സമരം ഇന്ന് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണനും കൺവീനർ എം. എ. റസാക്കും അറിയിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉപരോധ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ ഡോ. എം. കെ. മുനീർ എം.എൽ.എ , എം.കെ. രാഘവൻ എം.പി, അഡ്വ. പ്രവീൺകുമാർ , ഉമ്മർ പാണ്ടികശാല, സി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. നോർത്ത് മണ്ഡലം, എലത്തൂർ മേഖലയിലെ പ്രവർത്തകർ ലീഗ് ഹൗസ് പരിസരത്തും സൗത്ത് മണ്ഡലം,ബേപ്പൂർ ചെറുവണ്ണൂർ മേഖല പ്രവർത്തകർ ടെലഗ്രാഫ് ഓഫീസ് പരിസരത്തും കേന്ദ്രീകരിച്ച് പ്രകടനമായാണ് കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ എത്തുക. നിരന്തരമായി അഴിമതിയും സ്വജനപക്ഷപാതം നടത്തുന്ന ഭരണസമിതി അവരുടെ നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും അവസാനം പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിയും പാസ്‌വേർഡ് ചോർച്ചയും കെട്ടിടനികുതി വെട്ടിപ്പും തൊഴിൽ തട്ടിപ്പും തുടങ്ങി നിരന്തരമായ ആരോപണങ്ങൾക്ക് വിധേയമായ ഭരണസംവിധാനം കോർപ്പറേഷനെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ് ആരോപിച്ചു. അഴിമതി അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.