പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ സജീവം

Monday 16 January 2023 12:07 AM IST

കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആകെ 13,261 പക്ഷികളെ കൊന്നു. 30,580 മുട്ടകളും, 9660 കിലോ കോഴിതീറ്റയും നശിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിരോധ പ്രവർത്തനത്തിന്റെ അവസാന ദിനമായ ഇന്നലെ 273 പക്ഷികളെയാണ് കൊന്നത്. 190 കോഴി, ഒരു ഗിനിക്കോഴി, 82 മറ്റു വളർത്തുപക്ഷികൾ എന്നിവയെയാണ് കൊന്നത്. 28 കോഴിമുട്ടയും നശിപ്പിച്ചു. ശനിയാഴ്ച 8409 പക്ഷികളെ കൊല്ലുകയും 30395 മുട്ട 9,558 കിലോ കോഴി തീറ്റ എന്നിവ നശിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ചാത്തമംഗലത്തെ സർക്കാരിന്റെ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു. അന്നേദിവസം 4,579 പക്ഷികളെയാണ് കൊന്നത്. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ട്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരടങ്ങിയ ആറ് അംഗങ്ങൾ ഉൾപ്പെടുന്ന ആർ.ആർ.ടി ടീമുകളാണ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായത്. ഇവർ പത്തുദിവസം ക്വാറന്റൈനിൽ തുടരും.