ശബരിമലയ്ക്ക് ആവശ്യം വിവാദരഹിത വികസനം : കെ.രാധാകൃഷ്ണൻ
ശബരിമല: വിവാദ രഹിതമായ വികസനമാണ് ശബരിമലയ്ക്ക് ആവശ്യമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് ശേഷം സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങൾ കൃത്യമായി നടത്താൻ കഴിഞ്ഞതാണ് തീർത്ഥാടനകാലം വിജയകരമാകുവാൻ കാരണം. ഒക്ടോബർ 18ന് ആദ്യ അവലോകനയോഗം നടന്നു. തുടർച്ചയായ അവലോകന യോഗങ്ങൾ മൂലം കുറവുകൾ നേരിട്ട് കണ്ട് പരിഹരിക്കുന്നതിനും വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കുവാനും കഴിഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുമ്പോൾ ചില കുറവുകൾ ഉണ്ടാകും. മുൻ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വാഹനങ്ങളാണ് എത്തിയത്. ഇതോടെ നിലയ്ക്കൽ പാർക്കിംഗ് വർദ്ധിപ്പിച്ചു. അന്യസംസ്ഥാനത്തു നിന്ന് എത്തുന്നവർക്കുപോലും വിവേചനമില്ലാത്ത തീർത്ഥാടനം ഒരുക്കാൻ കഴിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ തീർത്ഥാടകർ ശബരിമലയിലേക്ക് എത്തി. മറ്റുവകുപ്പുകൾക്കൊപ്പം കൊവിഡാനന്തര കാലഘട്ടം എന്ന നിലയിൽ ആരോഗ്യവകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമായിരുന്നു. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ വിഷാംശം കണ്ടെത്തിയതോടെ പ്രതിസന്ധി ഉടലെടുത്തെങ്കിലും ബഥൽ മാർഗ്ഗം കണ്ടെത്തിയതോടെ അരവണക്ഷാമം ഉണ്ടാകാതെ ഇതിനെ മറികടക്കാൻ കഴിഞ്ഞു. നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളിലും വിഷാംശം ഉണ്ട്. വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ലക്ഷ്യം. ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലയ്ക്ക ലഭിക്കുകയാണെങ്കിൽ അത് വാങ്ങി ഉപയോഗിക്കും. കോടതി ഉപയോഗശൂന്യമായെന്ന് കണ്ടെത്തിയ അരവണ ഇനി ഉപയോഗിക്കില്ല. വനം വകപ്പുമായി സഹകരിച്ച് മാലിന്യ സംസ്ക്കരണത്തിനും പാർക്കിംഗിനും വേണ്ട സൗകര്യമൊരുക്കി. തീർത്ഥാടകർക്ക് കൂടുതൽ ഭൗതിക സൗകര്യം ഒരുക്കുന്നതിനും പാർക്കിംഗിനും കൂടുതൽ വനഭൂമി ആവശ്യമാണ്. ഇതിന് കേന്ദ്ര സർക്കാറിന്റെ അനുമതി കൂടി വേണം. ഇതിനായി കേന്ദ്ര സർക്കാരുമായും ഉദ്യോഗസ്ഥന്മാരുമായും ചർച്ചകൾ തുടരുകയാണ്. കേന്ദ്രഫണ്ട് ഉപയോഗിക്കാൻ കഴിയാത്തതിന് പല തടസ്സങ്ങളുണ്ട്. തടസ്സങ്ങൾ മാറ്റാൻ ഓരോ വകുപ്പും എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തീർത്ഥാടനം കഴിഞ്ഞാൽ ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടി ആരംഭിക്കും. വികസന കാര്യത്തിൽ സർക്കാരിന് ഈഗോ ഇല്ല. ശബരിമല തീർത്ഥാടനം കൊണ്ട് നാടിന്റെ എല്ലാ മേഖലയിലും വികസനം ഉണ്ടാകും. മതേതരത്വത്തിന്റെ സന്നിധാനമാണ് ശബരിമല. ശബരിമലയിൽ പലപ്പോഴും അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. ശബരിമലയുടെ വികസനത്തിന് എല്ലാ വിഭാഗം ആളുകളുമായും കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.