കേന്ദ്രനയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരണം: കെ.എസ്.ടി.എ

Monday 16 January 2023 12:10 AM IST
KSTA

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പിന്തുടർന്നു വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ അദ്ധ്യാപകർ രംഗത്തിറങ്ങണമെന്ന് കെ.എസ്.ടി.എ മുപ്പത്തിരണ്ടാം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ജനാധിപത്യ മത നിരപേക്ഷതയും ഇന്ത്യൻ ഭരണഘടന, ഫെഡറലിസം എന്നിവയും കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി വികസനം മുടക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പെരുമാറുന്നത്. പി.എഫ് ആർ.ഡി.എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി രാജ്യവ്യാപകമായി പുന:സ്ഥാപിക്കണമെന്നും സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാം ദിവസം നടന്ന സാംസ്‌ക്കാരിക സമ്മേളനം ഡോ.എം.സി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. വി.കെ ജിതേഷ് അദ്ധ്യക്ഷനായി. കെ.പി രാജൻ സ്വാഗതവും വി.പി മനോജ് കുമാർ നന്ദിയും പറഞ്ഞു. പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആർ.എം രാജൻ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, വൈസ് പ്രസിഡന്റ് സി.സി വിനോദ് കുമാർ, സംസ്ഥാന എക്‌സി. അംഗങ്ങളായ വി.പി രാജീവൻ, പി.എസ് സ്മിജ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.എൻ സജീഷ് നാരായണൻ, കെ.ഷാജിമ, സി.സതീശൻ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി എൻ.സന്തോഷ് കുമാർ (പ്രസിഡന്റ്) വി.വി വിനോദ് , വി ടി രതി, എം ഷീജ, എം ജയകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ആർ.എം രാജൻ (സെക്രട്ടറി) വി.പി മനോജ്, കെ.നിഷ, ടി.ദേവാനന്ദൻ, പി.കെ രാജൻ (ജോ.സെക്രട്ടറിമാർ), വി.പി സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.