വട്ടംകുളത്ത് പിടികൂടിയ ഒന്നരക്കോടിയുടെ നിരോധിത പുകയില തിരുവനന്തപുരത്തേക്ക് അയച്ചതെന്ന് മൊഴി
മലപ്പുറം: വട്ടംകുളത്ത് പിടികൂടിയ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില തിരുവനന്തപുരത്തേക്കുള്ളതാണെന്ന് പിടിയിലായവരുടെ മൊഴി. ശനിയാഴ്്ച അർദ്ധരാത്രി മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണ്മലപ്പുറം എടപ്പാൾ വട്ടംകുളത്തുവച്ച് ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവിൽ രണ്ട് ലോറികളിലായി സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയുടെ 3,79,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. അടുത്തകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ പുകയില വേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
കർണാടക ബംഗളൂരുവിൽ നിന്ന് വ്യാപകമായി വലിയ തോതിൽ പുകയില ഉത്പന്നങ്ങൾ ബിസ്ക്കറ്റ് എന്ന വ്യാജേന വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് വഴി ജില്ലയിൽ എത്തിച്ച് മലപ്പുറം എടപ്പാളിൽ സൂക്ഷിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം നടത്തുന്ന വലിയ മാഫിയ സംഘത്തെക്കുറിച്ച് കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ഈ സംഘത്തെ കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണം നടത്തി നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നു കഴിഞ്ഞദിവസം ഇത്തരത്തിൽ പുകയില ഉത്പന്നങ്ങൾ വരുന്നുണ്ടെന്ന് വിവരം അറിഞ്ഞതിനെ തുടർന്നാണ് വഴിക്കടവ് നിന്നുതന്നെ ഈ വാഹനങ്ങൾ പിന്തുടർന്ന് ഇത്തരത്തിൽ സൂക്ഷിക്കുന്ന ഗോഡൗണുകൾ കണ്ടെത്തിയത്. ഗോഡൗണിൽ പുകയില ഉത്പന്നങ്ങൾ ഇറക്കാൻ ശ്രമിക്കവേ വാഹനങ്ങൾ സഹിതം പ്രതികളെ എക്സൈസ് പിടികൂടുകയായിരുന്നു. ഈ കേസിൽ വാഹനത്തിന്റെ ഡ്രൈവർമാരായിരുന്ന മുഹമ്മദാലി, രമേശ്, ഷമീർ എന്നിവരെ അറസ്റ്റ് ചെയ്തു. പൊന്നാനി ആലങ്കോട് സ്വദേശി ഷൗക്കത്താണ് സംഘത്തലവനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊന്നാനി എടപ്പാൾ ഭാഗങ്ങളിലായി ഇയാളുടേതായി അഞ്ചോളം ഗോഡൗണുകളും സൂപ്പർമാർക്കറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ എക്സൈസ് ഇന്നലെ രാത്രി തന്നെ റെയ്ഡ് നടത്തി. എന്നാൽ വിവരമറിഞ്ഞ ഷൗക്കത്ത് ഒളിവിൽ പോയതിനാൽ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ അടുത്തദിവസംതന്നെ പിടികൂടാനാകുമെന്നു എക്സൈസ് അറിയിച്ചു. അതേ സമയം പിടിച്ചെടുത്ത ഉത്പന്നങ്ങൾ തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനുള്ളതായിരുന്നുവെന്നും അർദ്ധരാത്രിയായതിനാൽ ഡ്രൈവർമാർക്കു ഉറങ്ങാൻവേണ്ടി താൽകാലികമായി വാഹനം ഇവിടെ നിറുത്തിയതാണെന്നും പിടിയിലായ പ്രതികൾ മൊഴികൾ നൽകി.