ഇന്ന് മാട്ടുപൊങ്കൽ
ചിറ്റൂർ: കിഴക്കൻ മേഖല തൈ പൊങ്കൽ ആഘോഷത്തിരക്കിലാണ്. കേരളത്തിലെ ഓണാഘോഷത്തിന് തുല്യമായആരവമാണ് തമിഴ് നാട്ടിലെ പൊങ്കൽ ദിവസങ്ങൾ. പൊങ്കൽ ആരവങ്ങളുടെ ചുവടുപിടിച്ച് ജില്ലയിലെ അതിർത്തി പ്രദേശങ്ങളും ചമയങ്ങൾക്ക് ഒട്ടും കുറവില്ലാതെ ആഘോഷത്തിലാണ്. ഇന്നലെ തൈ പൊങ്കൽ സമുചിതമായി ആചരിച്ചു. വീട്ടുമുറ്റത്ത് കരിമ്പും കുഞ്ഞുവാഴകളും കൊണ്ട് അലങ്കരിച്ചതിന് മദ്ധ്യേ പുതിയ അടുപ്പുണ്ടാക്കി പുതിയ ചട്ടിയിൽ പുതിയ നെല്ലിന്റെ അരിയിൽ പാലൊഴിച്ച് പൊങ്കൽ വയ്ക്കുന്ന ചടങ്ങ് ഏറെ ശ്രദ്ധേയമാണ്. വർണ്ണാഭമായ കോലങ്ങളും പൊങ്കലിന്റെ പ്രത്യകതയാണ്. മൂന്നാം ദിവസമായ ഇന്ന് മാട്ടുപ്പൊങ്കലാണ്. കന്നുകാലികൾക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ ദിവസം. ദക്ഷിണേന്ത്യയിലെ ഉന്നതമായ കാർഷിക സംസ്‌കാരത്തിന്റെ ഉത്തമ നിദർശനമാണ് ഈ ഉത്സവദിനം. മനുഷ്യനോടൊപ്പം കാർഷിക മേഖലയിൽ പാടുപെടുന്ന കന്നുകാലികൾക്കായി ഒരു ഉത്സവം. വീടുകളിലുള്ള കന്നുകാലികളെ കുളിപ്പിച്ച് മഞ്ഞളും കുങ്കുമവും പൂശി കഴുത്തിൽ മാലയും ചെറിയ മണികളും കെട്ടി കൊമ്പുകളിൽ പലനിറത്തിലുള്ള ചായമണിയും. അലങ്കരിച്ച കന്നുകാലികളെ വാദ്യഘോഷങ്ങളോടെ കളപ്പുരയ്ക്ക് ചുറ്റും തെരുവിലൂടെയും നടത്തും. നാളെയാണ് നാലാം ദിവസത്തെ കാണപ്പൊങ്കൽ (പൂപൊങ്കൽ). കാണാനുള്ള ദിവസം എന്ന അർത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. പൊങ്കൽ ഉത്സവ കാലത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ചെന്നുകാണാനുള്ള ദിവസമാണിത്. മനുഷ്യർക്കായി, പ്രകൃതി ക്കായി മാറ്റിവെച്ച ഒരാഘോഷം.