പെരിന്തൽമണ്ണ മണ്ഡലത്തിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി, പെട്ടി ഉണ്ടായിരുന്നത് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ

Monday 16 January 2023 3:04 PM IST

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ കാണാതായ വോട്ടുപെട്ടി ഒടുവിൽ കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. സ്പെഷ്യൽ തപാൽ വോട്ടുകളാണ് ഇതിൽ ഉണ്ടായിരുന്നത്. തർക്കത്തെത്തുടർന്ന് എണ്ണാതെ മാറ്റിവച്ച മൂന്നുപെട്ടികളിൽ ഒന്നായിരുന്നു ഇത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും മുപ്പത്തെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന നജീബ് കാന്തപുരം ജയിച്ചത്. ഉദ്യോഗസ്ഥർ ബാലറ്റ് കവറിൽ ഒപ്പുവച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല.ഇത്രയും വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പടെയുള്ളവ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്നായിരുന്നു മുസ്തഫ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. ഇതിൻപ്രകാരം തപാൽ വോട്ടുകൾ മാറ്റുന്നതിന് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വോട്ടുപെട്ടി കണ്ടെത്തിയത്.