തുലാമഴയിൽ പാലക്കാടിന് 22 % കുറവ്
പാലക്കാട്: വടക്കുകിഴക്കൻ മൺസൂൺ പിൻവാങ്ങിയപ്പോൾ സംസ്ഥാനത്ത് ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചതായി ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 492 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 476.2 മില്ലിമീറ്റർ. അതേസമയം, പാലക്കാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴ കുറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് കണ്ണൂരാണ്, 41% കുറവ്. വടക്കുകിഴക്കൻ മൺസൂണിൽ 391.3 എം.എം ലഭിക്കേണ്ടിടത്ത് ആകെ രേഖപ്പെടുത്തിയത് 231.3 എം.എം. തൃശൂർ ജില്ലയിൽ 31 ശതമാനത്തിന്റെയും പാലക്കാട് (22%), മലപ്പുറം (24%), കാസർകോട് (21%) എന്നിങ്ങനെയാണ് മഴ കുറവുള്ള മറ്റു ജില്ലകൾ. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് തുലാവർഷത്തിന്റെ സമയം.
അധിക മഴ പത്തനംതിട്ടയിലും ഇടുക്കിയിലും സംസ്ഥാനത്ത് ശരാശരിയേക്കാൾ അധികം മഴ ലഭിച്ച ജില്ലകൾ പത്തനംതിട്ടയും ഇടുക്കിയുമാണ്. പത്തനംതിട്ടയിൽ ഈ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 629 എം.എമ്മാണ്. ഇത്തവണ 858.8 എം.എം മഴയാണ് രേഖപ്പെടുത്തിയത്. 37% ശതമാനം കൂടുതൽ. ഇടുക്കിയിലും കൂടുതൽ മഴ ലഭിച്ചു. 567.3 എം.എം ലഭിക്കേണ്ടിടത്ത് പെയ്തത് 698.2 എം.എം. 23%ശതമാനം കൂടുതൽ.
ശരാശരി മഴ ലഭിച്ച ജില്ലകൾ (മില്ലീമീറ്ററിൽ) ആലപ്പുഴ- 576.2 എറണാകുളം- 645.1 കൊല്ലം- 540.5 കോട്ടയം- 659.6 കോഴിക്കോട്- 444.2 തിരുവനന്തപുരം- 550.5 വയനാട്- 265.9