പുത്തനാൽക്കൽ ഉത്സവത്തിന് കൊടിയേറി; മകര ചൊവ്വ ഇന്ന്

Tuesday 17 January 2023 12:50 AM IST
പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവാഘോഷത്തിന് കൊടിയേറുന്നു.

ചെർപ്പുളശ്ശേരി: പ്രസിദ്ധമായ പുത്തനാൽക്കൽ കാളവേലാഘോഷത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

പുലർച്ചെ അഞ്ചിന് കൂത്ത് മുളയിടൽ നടന്നു. വലിയപറമ്പിൽ ശിവശങ്കരൻ, അടുക്കത്ത് ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂത്ത് മുളയിടൽ. തുടർന്ന് ചെർപ്പുളശ്ശേരി രാജേഷിന്റെ നേതൃത്വത്തിൽ മേളം അരങ്ങേറി. കളഭാഭിഷേകം, തായമ്പക, കേളി എന്നിവയുമുണ്ടായി.

ഇന്ന് ക്ഷേത്രത്തിൽ മകരചൊവ്വ വിപുലമായി ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ, തുടർന്ന് ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. വൈകിട്ട് മൂന്നിന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ നഗരപ്രദക്ഷിണമായി പകൽ പൂരം എഴുന്നള്ളിപ്പ് നടക്കും.

21 മുതൽ നിത്യേന ക്ഷേത്രത്തിൽ കലാപരിപാടികൾ അരങ്ങേറും. ഫ്രെബുവരി 11ന് പൂരവും 12ന് കാളവേലയും 13ന് താലപ്പൊലിയും ആഘോഷിക്കും.

Advertisement
Advertisement