പാകിസ്ഥാൻ, മ്യാന്മർ ജീവിതാവസ്ഥകൾ ബിനാലെയിൽ

Tuesday 17 January 2023 12:28 AM IST

കൊച്ചി: പാകിസ്ഥാൻ, മ്യാൻമാർ എന്നീ അയൽരാജ്യങ്ങളിലെ നിശ്ചിതകാല ജീവിതാവസ്ഥകൾ പ്രതിഫലിപ്പിക്കുന്ന അവതരണങ്ങൾ ബിനാലെയിൽ ശ്രദ്ധേയമാകുന്നു. പ്രമുഖ ഫോട്ടോഗ്രഫറും ചലച്ചിത്രകാരിയുമായിരുന്ന മദിഹ ഐജാസ് ഫോട്ടോഗ്രഫുകളും വീഡിയോ പ്രതിഷ്ഠാപനവും മുഖേന പാകിസ്ഥാനെക്കുറിച്ച് പറയുമ്പോൾ മ്യാൻമറിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത മിൻ മാ നൈംഗ് ഉജ്ജ്വല ഫോട്ടോഗ്രഫുകളിലൂടെ മാതൃരാജ്യത്തെ കാട്ടിത്തരുന്നു.

പാകിസ്ഥാനിലെ ഏറ്റവും ജനനിബിഡവും മതവംശ ഭാഷാ വൈവിദ്ധ്യപൂർണവുമായ നഗരവുമായ

കറാച്ചി പ്രതീകമാക്കിയാണ് മദിഹ ഐജാസ് അഞ്ചു ഫോട്ടോഗ്രഫ് പരമ്പരകളിലും വീഡിയോ ഇൻസ്റ്റലേഷനിലും കൂടി സംവദിക്കുന്നത്. നാട്ടിലെ വിവിധതലങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളും പരസ്പര്യവും ഇവയിൽ വായിച്ചെടുക്കാം. റയിൽവേ, കച്ചവട സ്ഥാപനങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, വായനശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിലൂടെയാണ് ജീവിതം വരച്ചുകാട്ടുന്നത്.

2019 ൽ ഹൃദയാഘാതത്തെ തുടർന്ന് 38-ാം വയസിലെ മദിഹയുടെ അകാല വിയോഗം ലോകത്തെ ഞെട്ടിച്ചു.

'ഫോഴ്‌സസ് ഒഫ് ചേഞ്ച്, 'ബട്ട് ഇൻ മൈ ഡ്രീംസ്' എന്നീ പരസ്പര പൂരകങ്ങളായ ഫോട്ടോഗ്രഫ് പരമ്പരകളിലൂടെ മ്യാന്മറിൽ മൂന്നു പതിറ്റാണ്ട് നീണ്ട സ്വേച്ഛാധിപത്യത്തെ കുറിച്ചാണ് മിൻ മാ നൈംഗ് വിശദീകരിക്കുന്നത്. ' ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലാണ് പ്രദർശനം.