ഫെഡറൽ ബാങ്കിന് 804 കോടി രൂപ അറ്റാദായം

Monday 16 January 2023 6:45 PM IST
ഫെഡറൽ ബാങ്കിന് 804 കോടി രൂപ അറ്റാദായം

എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭം

വാർഷിക വർദ്ധന 54%
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭം നേടി ഫെഡറൽ ബാങ്ക്. നടപ്പു സാമ്പത്തിക വർഷം 2022 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 803.61 കോടി രൂപയാണ് അറ്റാദായം. 54.03 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവി​ൽ 521.73 കോടി രൂപയായിരുന്നു ലാഭം.

ഏറ്റവും ഉയർന്ന പാദവാർഷിക ലാഭം നേടാൻ ബാങ്കിനെ സഹായിച്ചത് എല്ലാ തലത്തിലും കാഴ്ചവച്ച കരുത്തുറ്റ പ്രകടനമാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

ബാങ്കിന്റെ പ്രവർത്തന ലാഭം 39.37 ശതമാനം വർദ്ധിച്ച് 1274.21 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 914.29 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് 16.89 ശതമാനം വർദ്ധിച്ച് 369581.25 കോടി രൂപയിലെത്തി. മുൻവർഷം ഇതേ പാദത്തിൽ 175431.70 കോടി രൂപയായിരുന്ന നിക്ഷേപം 201408.12 കോടി രൂപയായി വർധിച്ചു.

ആകെ വായ്പ മുൻ വർഷത്തെ 143638.49 കോടി രൂപയിൽ നിന്ന് 171043.02 കോടി രൂപയായി വർദ്ധിച്ചു.

മൂന്നാം പാദത്തിൽ ബാങ്ക് എക്കാലത്തെയും ഉയർന്ന അറ്റപലിശ വരുമാനമാണ് നേടിയത്. 27.14 ശതമാനം വാർഷിക വർദ്ധനയോടെ അറ്റ പലിശ വരുമാനം 1956.53 കോടി രൂപയിലെത്തി. മുൻവർഷം മൂന്നാം പാദത്തിൽ ഇത് 1538.90 കോടി രൂപയായിരുന്നു. പലിശ ഇതര വരുമാനം 10.29 ശതമാനം വർധിച്ച് മുൻ വർഷത്തെ 484.19 കോടി രൂപയിൽ നിന്ന് 534 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 22 പോയിന്റുകൾ വർദ്ധിച്ച് 3.49 ശതമാനമായി.

4147.85 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.43 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1228.59 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.73 ശതമാനമാണിത്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 18089.19 കോടി രൂപയിൽ നിന്ന് 20456.75 കോടി രൂപയായി വർദ്ധിച്ചു.

Advertisement
Advertisement