ഹോട്ട് ആൻഡ് കോൾഡാണ് പാലക്കാട്

Tuesday 17 January 2023 12:03 AM IST

പാലക്കാട്: ജില്ലയിൽ പകൽ ചൂടും രാത്രി തണുപ്പും വർദ്ധിക്കുന്നു. ഞായറാഴ്ച പകൽ ജില്ലയിലെ താപനില 35 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 34 ഡിഗ്രിയും. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങുമ്പോൾ കുട ചൂടാതെ തരമില്ലെന്ന അവസ്ഥ. രാത്രി തണുപ്പും പുലർച്ചെ മൂടൽ മഞ്ഞും. ഇതോടെ ജില്ലയിൽ രോഗങ്ങളും വ്യാപകമായി.

പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പകൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ബൈക്ക് യാത്രികർ, ഫീൽഡിൽ പ്രവർത്തിക്കുന്നവർ, ഓട്ടോ-ടാക്സി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ചൂടിൽ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിൽ ഗതാഗത കുരുക്ക് കൂടിയാകുമ്പോൾ ജനം ശരിക്കും വിയർക്കും. തുലാമഴ നേരത്തെ അവസാനിച്ചതാണ് കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് കാരണം.

തണുപ്പിക്കാൻ പാനീയങ്ങൾ

ചൂട് വർദ്ധിച്ചതോടെ ശീതളപാനീയ വിപണി സജീവമായി. നാരങ്ങ വെള്ളം, സർബത്ത്, കരിക്ക് എന്നിവയ്ക്കും തണുത്ത കുപ്പി വെള്ളത്തിനും ഡിമാൻഡേറി. നാരങ്ങയ്ക്ക് വില കൂടിയെങ്കിലും ചൂടിൽ നിന്ന് അല്പം ആശ്വാസം ലഭിക്കാൻ നാരങ്ങാ വെള്ളത്തിനാണ് ആവശ്യക്കാരേറെ.

ശ്രദ്ധിക്കാം ഇവ

  1. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കുക.
  2. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  3. തണുത്ത വെള്ളം രോഗങ്ങൾക്കിടയാക്കും.
  4. പഴവർഗങ്ങൾ കൂടുതലായി ഉപയോഗിക്കുക.
  5. വെയിലത്ത് കുട ഉപയോഗിക്കുന്നത് ശീലമാക്കുക.
  6. ചൂട് കൂടുതലുള്ളപ്പോൾ കാൽനട യാത്ര ഒഴിവാക്കുക.