ഉദ്യോഗസ്ഥരെ കാണാനില്ല: ചെണ്ടകൊട്ടി നിവേദനം വാതിലിൽ ഒട്ടിച്ച് പ്രതിഷേധവുമായി ജനപ്രതിനിധികൾ

Tuesday 17 January 2023 12:04 AM IST

ആലുവ: ഓഫീസ് സമയം തുടങ്ങി മണിക്കൂറുകൾ കഴി‌ഞ്ഞിട്ടും ജീവനക്കാർ എത്താതിരുന്നതിനാൽ പൊതു മരാമത്ത് ഓഫീസിന്റെ വാതിലിൽ പരാതി ഒട്ടിച്ച് പ്രതിഷേധം. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേർന്നാണ് ചെണ്ടകൊട്ടി പരാതി ഒട്ടിച്ചത്. ഒന്നര മണിക്കൂർ പിന്നിട്ടിട്ടും പൊതുമരാമത്ത് ഓഫീസിൽ ഉദ്യോഗസ്ഥരെത്തിയില്ല. ആലുവയിൽ പി.ഡബ്ളിയു.ഡി അസി. എൻജിനിയറുടെ കാര്യാലയത്തിന് മുന്നിലാണ് ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ തകർന്ന് തരിപ്പണമായ നസ്രത്ത് - കാർമ്മൽ പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘം 10.30 ഓടെ പി.ഡബ്ളിയു.ഡി ഓഫീസിലെത്തിയത്. ഒരു മണിക്കൂറിലേറെ കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്നാണ് ആവശ്യങ്ങളടങ്ങിയ നിവേദനം ഓഫീസ് വാതിലിൽ പതിച്ചത്.

ആലുവ ജില്ലാ ആശുപത്രി മുതൽ നസ്രത്ത് റോഡ് വരെയുള്ള നഗരസഭയുടെ ഭാഗം അടുത്തിടെയാണ് ടാറിംഗ് പൂർത്തീകരിച്ചത്. തുടർന്നുള്ള പഞ്ചായത്ത് പ്രദേശമാണ് തകർന്ന് കിടക്കുന്നത്. ആലുവയിൽ ഗതാഗത തടസമുണ്ടാക്കുമ്പോൾ ദേശീയപാതയിൽ എളുപ്പം എത്താനും പെരുമ്പാവൂരിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എസ്.എൻ പുരം വഴി ദേശീയപാതയിൽ പ്രവേശിക്കാനും കഴിയും. കളമശേരി മെഡിക്കൽ കോളേജിലേയ്ക്കും ഇതുവഴി എളുപ്പത്തിൽ പോകാം. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്.

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, അംഗങ്ങളായ മുഹമ്മദ് ഷെഫീക്, ഷീലാ ജോസ്, റൂബി ജിജി, രാജേഷ് പുത്തനങ്ങാടി, രമണൻ ചേലാക്കുന്ന്, സതി ഗോപി, സി.പി.നൗഷാദ്, ഡൊമിനിക് കാവൂങ്കൽ, വില്യം ആലത്തറ, രാജു കുബ്ലാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രശ്‌നത്തിന് ഉടൻ പരിഹാരമില്ലെങ്കിൽ തുടർന്ന് ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും ബാബു പുത്തനങ്ങാടി അറിയിച്ചു.