വിഴിഞ്ഞം തുറമുഖ നിർമാണം സുരക്ഷിതം; തീരശോഷണത്തിന് കാരണമായിട്ടില്ലെന്ന് ആവർത്തിച്ച് എൻഐഒടിയുടെ പഠന റിപ്പോർട്ട്

Monday 16 January 2023 7:28 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ അനുകൂലിച്ച് എൻഐഒടിയുടെ പഠനറിപ്പോർട്ട്. നിർമാണപ്രവൃത്തിമൂലം വിഴിഞ്ഞത്ത് തീരശോഷണമുണ്ടായിട്ടില്ലെന്നാണ് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലെയും കണ്ടെത്തൽ. 2022- വാർഷിക പഠനറിപ്പോർട്ടിന്റെ കരട് രേഖ പ്രകാരം തീരശോഷണം രൂക്ഷമായ വലിയതുറ, ശംഖുമുഖം ഭാഗങ്ങളിലെ അവസ്ഥ അടുത്ത വർഷത്തോടെ മെച്ചപ്പെടുമെന്നും പരാ‌മർശിക്കുന്നുണ്ട്.

തുറമുഖ നിർമാണത്തിന് തീരശോഷണത്തിലോ വേലിയേറ്റങ്ങൾക്ക് മറ്റും ശേഷം സ്വാഭാവികമായി തന്നെയുണ്ടാകുന്ന തീരം വയ്പിലോ വലിയ രീതിയിൽ സ്വാധീനം ചെലുത്താനായിട്ടില്ല എന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. 2021 ഒക്ടോബർ മുതൽ 2022 സെംപ്തംബർ വരെയാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിലെ തീരശോഷണം വ്യക്തമായിരുന്നു. തുമ്പ - ശംഖുമുഖം, പുല്ലുവിള - പൂവാർ സ്ട്രെച്ചിലാണ് തീരം വെയ്പ് കണ്ടെത്തിയത്.

ശംഖുമുഖത്തും വലിയതുറയിലും കഴിഞ്ഞ വർഷങ്ങളിൽ തീരശോഷണം വലിയ രീതിയിൽ തന്നെ പ്രകടമായിരുന്നു. പ്രധാന റോഡ് അടക്കം നശിച്ചതിന് പിന്നാലെ ശംഖുമുഖത്ത് ഡയഫ്രം വാൾ നി‌ർമിച്ചിരുന്നു. എന്നാൽ അടിയ്ക്കടിയുണ്ടായ ന്യൂനമ‌ർദ്ദങ്ങളും ഓഖി അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുമാണ് വലിയതുറയിൽ അടക്കം തീരം രൂപികരണപ്പെടുന്നതിന് തടസ്സമായത് എന്നാണ് പഠനറിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. ഇതിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധമില്ല. തീരശോഷണം രൂക്ഷമായ ഹോട്ട്സ്പോട്ടുകൾ തുറമുഖ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ നിന്നും 13-15 കിലോ മീറ്റർ വരെ ദൂരത്തിലാണ്. കൂടാതെ പൂന്തുറ-ബീമാപള്ളി പ്രദേശത്തെ പുലിമുട്ട് നിർമാണവും വലിയതുറയിലെ തീരശോഷണത്തിന്റെ ആക്കം കൂട്ടിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മാനുഷിക ഇടപടലോ വലിയ നിർമിതികളോ ഉണ്ടായില്ലെങ്കിൽ വലിയതുറ-ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷത്തോടെ തീരത്തിന്റെ സ്ഥിതി സ്വാഭാവികമായി തന്നെ മെച്ചപ്പെടുമെന്നാണ് എൻഐഒടി പഠന സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം തുറമുഖ വിരുദ്ധ സമരസമിതിയുടെ തീരശോഷണം സംബന്ധിച്ച ആരോപണങ്ങളെത്തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയുടെ പഠനം ആരംഭിക്കാനിരിക്കെയാണ് തുറമുഖ നിർമാണത്തിന് ക്ളീൻ ചിറ്റ് നൽകികൊണ്ടുള്ള എൻഐഒടിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.

Advertisement
Advertisement