വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു

Tuesday 17 January 2023 12:47 AM IST
മോഷണം നടന്ന കടമ്പൂർ കോളനിപ്പടി കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു.

ഒറ്റപ്പാലം: കടമ്പൂർ കോളനിപ്പടി കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട് കുത്തിത്തുറന്ന് ആറേമുക്കാൽ ലക്ഷം വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്നു. ഞായറാഴ്ച വൈകിട്ട് 6 45ന് ഷെൽബിയും ഭാര്യയും കുഞ്ഞും കടമ്പഴിപ്പുറത്തേക്കും അമ്മ മേരി പള്ളി പെരുന്നാളിനും പോയ സമയത്താണ് മോഷണം.

ഷെൽബി രാത്രി 10.10ന് തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്. അമ്മയെ വിളിച്ച് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച ആഭരണം മോഷണം പോയതായി കണ്ടത്. മാല, നെക്ലസ്, കുരിശ്, കമ്മൽ, പാദസരം എന്നിങ്ങനെ 6.75 ലക്ഷം രൂപ വിലവരുന്ന ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ച നാല് സ്വർണ്ണവളകൾ മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വീടിന്റെ മുൻവശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.എച്ച്.ഒ എം.സുജിത്ത്, എസ്.ഐ കെ.ജെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.