കോട്ടൺബോർഡ് പരുത്തി സംഭരണം വൈകാതെ തുടങ്ങും എൻ.സി.ഡി.സിയിൽ നിന്ന് 35 കോടിയുടെ സഹായം തേടും

Tuesday 17 January 2023 1:33 AM IST
കോട്ടൺബോർഡ് പരുത്തി സംഭരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകൾക്ക് കുറഞ്ഞ വിലയ്ക്ക് പരുത്തി ലഭ്യമാക്കാൻ വ്യവസായ വകുപ്പ് രൂപം നൽകിയ സ്റ്റേറ്റ് കോട്ടൺ ബോർഡ് വൈകാതെ പ്രവർത്തന സജ്ജമാകും. ബോർഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് എൻ.സി.ഡി.സി (നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ) യിൽ നിന്ന് 35 കോടിയുടെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. അനുകൂല നിലപാടാണ് അവർ പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ട് വർഷമാണ് വായ്പാ കാലാവധി. സംസ്ഥാന സർക്കാരും 35 കോടി നൽകിയേക്കും. സംഭരണം എങ്ങനെ വേണമെന്നതിന്റെ രൂപരേഖ തയ്യാറായി​ വരുന്നു. ടെക്സ്റ്റൈൽ കോർപ്പറേഷന്റെ എട്ടും സഹകരണ മേഖലയിലെ ഏഴും അല്ലാതുള്ള രണ്ടും അടക്കം വ്യവസായ വകുപ്പിന് കീഴിലുള്ള 17 സ്പിന്നിംഗ് മില്ലുകൾക്കാണ് പരുത്തി എത്തിക്കേണ്ടത്. ഓരോ മില്ലും ആവശ്യമായ പരുത്തി സ്വയം സംഭരിക്കുന്നതായിരുന്നു രീതി.

മാർക്കറ്റിൽ പരുത്തിക്കുണ്ടാവുന്ന വിലവ്യത്യാസത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇതുമൂലം കഴിഞ്ഞിരുന്നില്ല. ഒരു ബെയ്ൽ (350 കിലോ)പരുത്തിക്ക് ഒക്ടോബർ , നവംബർ മാസങ്ങളിൽ ഒരു ലക്ഷം രൂപയായിരുന്നു വില. ഇപ്പോൾ ഇത് 55,000 ആയി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളാണ് പരുത്തിയുടെ മാർക്കറ്റ് വില നിയന്ത്രിക്കുന്നത്. വില കുത്തനെ കുറയുമ്പോൾ കൂടുതൽ സംഭരിച്ച് ശേഖരിക്കുകയും മില്ലുകാർക്ക് ആവശ്യാനുസരണം നൽകുകയുമാണ് ബോർഡിന്റെ ദൗത്യം. 700 കോടിയുടെ പരുത്തിയാണ് ഒരു വർഷം ശരാശരി വേണ്ടത്.

ഓരോ മില്ലുകൾക്കും വേണ്ടിവരുന്ന പരുത്തിയുടെ കണക്ക് തയ്യാറാക്കി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ലഭ്യമായിക്കഴിഞ്ഞാൽ എൻ.സി.ഡി.സി പ്രതിനിധികളുമായി വിശദമായ ചർച്ച നടത്തും.

 ബോർഡിന്റെ ഘടന

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ടെക്സ്റ്റൈൽ കോർപ്പറേഷൻ, ടെക്സ്‌ഫെഡ് മാനേജിംഗ് ഡയറക്ടർമാർ, കൈത്തറി ഡയറക്ടർ എന്നിവർ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബർ കൺവീനറുമായിരിക്കും.

Advertisement
Advertisement