ആരോഗ്യ വാഴ്സിറ്റി വി.സിയും അയോഗ്യതാക്കേസിൽ, എല്ലാ വി.സിമാരും പുറത്താക്കൽ ഭീതിയിൽ

Tuesday 17 January 2023 12:43 AM IST

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മലിന്റെ നിയമനം റദ്ദാക്കണമെന്ന് വി.സി നിയമനത്തിനു യോഗ്യരായവരുടെ പാനലിലുണ്ടായിരുന്ന ഡോ. പ്രവീൺലാൽ ഹൈക്കോടതിയിൽ കേസുകൊടുത്തതോടെ, സംസ്ഥാനത്തെ എല്ലാ വാഴ്സിറ്റികളിലെയും വൈസ്ചാൻസലർമാർ പുറത്താക്കൽ ഭീഷണിയിലായി. ആരോഗ്യ സർവകലാശാല വി.സി മാത്രമായിരുന്നു ഇതുവരെ ഭീഷണി നേരിടാത്ത ഏക വൈസ്ചാൻസലർ. കേരള സർവകലാശാല വി.സിയുടെ ചുമതലയും ഡോ.മോഹനൻ കുന്നുമ്മലിനാണ്. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ചാൻസലറായ കൊച്ചിയിലെ ദേശീയ നിയമസർവകലാശാലയിലൊഴിച്ച് എല്ലാ വാഴ്സിറ്റികളിലെയും വി.സി നിയമനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്.രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി സുപ്രീംകോടതിയും ഫിഷറീസ് വി.സിയായിരുന്ന റിജിജോണിനെ ഹൈക്കോടതിയും പിരിച്ചുവിട്ടു. കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂർ, ഓപ്പൺ, ഫിഷറീസ്, സംസ്കൃതം, മലയാളം, ഡിജിറ്റൽ, സാങ്കേതിക വി.സിമാർക്ക് ഗവർണർ പുറത്താക്കലിന് മുന്നോടിയായുള്ള നോട്ടീസ് നൽകുകയും ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. കേരള, കാർഷിക സർവകലാശാലകളിൽ വി.സിമാർ അടുത്തിടെ വിരമിച്ചു. വിരമിച്ചെങ്കിലും കേരള വി.സിക്കും ഗവർണർ നോട്ടീസ് നൽകിയിട്ടുണ്ട്. ഗവർണറുടെ നോട്ടീസിനെതിരെ വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെ, ഇവരെയെല്ലാം അയോഗ്യരാക്കണമെന്ന് വി.സി നിയമനത്തിന് യോഗ്യരായ മുതിർന്ന അദ്ധ്യാപകർ ഹൈക്കോടതിയിൽ ക്വോ-വാറണ്ടോ ഹർജി നൽകിയിരിക്കുകയാണ്.

കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ കേസ് സുപ്രീംകോടതിയിലാണ്. സെർച്ച്കമ്മിറ്റി പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്ന് ചൂണ്ടിക്കാട്ടിയുള്ള ക്വോ-വാറണ്ടോ ഹർജിയിലാണ് ഫിഷറീസ് വി.സിയായിരുന്ന റിജിജോണിനെ ഹൈക്കോടതി പുറത്താക്കിയത്. ഈ ഉത്തരവിൽ സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ, വെ​റ്ററിനറി സർവകലാശാല വി.സി ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ നിയമനവും കുരുക്കിലായി.

ആരോഗ്യ യൂണി. വി.സിക്ക്

കുരുക്കു വീഴാനിടയില്ല

സെർച്ച്കമ്മിറ്റി നൽകിയ പാനലിലെ രണ്ടു പേരുകാരെ ഒഴിവാക്കിയാണ് മോഹൻ കുന്നുമ്മലിനെ വി.സിയാക്കിയത്. ഉയർന്ന യോഗ്യതയുള്ളവരെ തള്ളി യോഗ്യതകുറഞ്ഞയാളെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പാനലിലുണ്ടായിരുന്ന ഡോ.പ്രവീൺലാലിന്റെ കേസ്.

പാനലിൽ ഒന്നാമതായിരുന്ന ഡോ.പ്രവീൺലാൽ, മുൻമുഖ്യമന്ത്റി സി. അച്യുതമേനോന്റെ മകൻ ഡോ.വി. രാമൻകുട്ടി എന്നിവരെയാണ് ഗവർണർ ഒഴിവാക്കിയത്. തൃശൂർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായിരുന്നു പ്രവീൺലാൽ. പ്രവീണിനെ നിയമിക്കണമെന്ന സർക്കാരിന്റെ ശുപാർശയും ഗവർണർ പരിഗണിച്ചിരുന്നില്ല.

എന്നാൽ വി.സി നിയമനത്തിന് യു.ജി.സി ചട്ടപ്രകാരമുള്ള സെർച്ച്കമ്മിറ്റിയും പാനലുമുണ്ടായിരുന്നു. മറ്റിടങ്ങളിൽ പാനലിന് പകരം ഒറ്റപ്പേര് നൽകിയതും അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറിയെ സെർച്ച് കമ്മിറ്റിയിലുൾപ്പെടുത്തിയതുമാണ് ക്രമക്കേട്. വി.സിയാവാനുള്ള യു.ജി.സി യോഗ്യതകൾ ഡോ.മോഹനനുണ്ട്.

തീരുമാനം കാത്ത് ഗവർണർ

യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ 11വി.സിമാരെയും പുറത്താക്കാൻ നടപടികളെല്ലാം പൂർത്തിയാക്കിയ ഗവർണർ ഹൈക്കോടതി ഉത്തരവ് കാത്തിരിക്കുകയാണ്. വി.സിമാരുടെ കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. എല്ലാവരെയും അയോഗ്യരാക്കണമെന്ന ക്വോ-വാറണ്ടോ ഹർജികളിൽ ഹൈക്കോടതി 27ന് വാദംകേൾക്കുന്നുണ്ട്.

Advertisement
Advertisement