റേഷൻ സെയിൽസ്‌മാന് മർദ്ദനം : നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Tuesday 17 January 2023 12:54 AM IST

കൊച്ചി: കോതമംഗലം താലൂക്കിലെ 76-ാം നമ്പർ റേഷൻകടയിലെ അംഗീകൃത സെയിൽസ്‌മാനായ അബ്ദുൽ കരീമിനെ കാളിയാർ സ്റ്റേഷനിലെ അഞ്ചു പൊലീസുകാർ അകാരണമായി തല്ലി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ എറണാകുളം റേഞ്ച് ഐ.ജിക്ക് നിർദ്ദേശം നൽകി. അന്വേഷണപുരോഗതി സംബന്ധിച്ച് ഫെബ്രുവരി 17 നകം റിപ്പോർട്ട് നൽകണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എറണാകുളം ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. ബേബി സമർപ്പിച്ച പരാതിയിലാണ് നടപടി.

2020 മാർച്ച് 26 ന് വൈകിട്ട് 5.10 നാണ് അബ്ദുൽ കരിമിന് മർദ്ദനമേറ്റത്. ഇടതു കൈമുട്ടിനും പുറത്തും അടിയേറ്റതിന്റെ പാടും ചതവുമുണ്ടെന്ന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. എന്നാൽ ആരോപണം പോലീസ് നിഷേധിച്ചു. തുടർന്ന് ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണ വിഭാഗം പരാതി നേരിട്ട് അന്വേഷിച്ചു. അബ്ദുൾ കരീമിന് ലാത്തി പോലുള്ള വസ്തു ഉപയോഗിച്ച് അടിയേറ്റിട്ടുള്ളതിനാൽ സുതാര്യമായ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണവിഭാഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഫെബ്രുവരി 24 ന് കേസ് വീണ്ടും പരിഗണിക്കും.

സിറ്റിംഗ് ഇന്ന്

മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്ന് പത്തടിപാലം പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.