കമ്പിയില്ലാതെ കാന നിർമ്മാണം: ചോദ്യം ചെയ്ത 60കാരനെ മർദ്ദിച്ചതായി പരാതി
കൊച്ചി: മെട്രോ നിർമ്മാണത്തിന്റെ ഭാഗമായുള്ള കാന കമ്പി ഉപയോഗിക്കാതെ നിർമ്മിക്കുന്നത് കണ്ട് ചോദ്യം ചെയ്ത അറുപതുകാരന് സൂപ്പർവൈസർ മർദ്ദിച്ചതായി പരാതി. പാലാരിവട്ടം സ്വദേശിയും കോൺട്രാക്ടറുമായ കുര്യനാണ് മർദ്ദനമേറ്റത്. കാര്യമായ പരിക്കുകളൊന്നുമില്ല. സംഭവത്തിൽ കുര്യൻ മർദ്ദിച്ചതായി കാട്ടി സൂപ്പർവൈസറും പൊലീസിൽ പരാതി നൽകി. ഇരുവരിൽ നിന്നും മൊഴി എടുത്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെ എറണാകുളം ചെമ്പുമുക്കിനോട് ചേർന്നാണ് സംഭവം. തന്റെ സ്ഥാപനത്തിൽ ഇരിക്കെ അശാസ്ത്രീയമായി കാന നിർമ്മിക്കുന്നത് കണ്ട് കുര്യൻ ഇത് ഫോണിൽ പകർത്തി. ഇക്കാര്യം കൊച്ചി മെട്രോയെ അറിയിക്കുകയും ചെയ്തു. മെട്രോ അധികൃതർ സ്ഥലത്തെത്തി നിർമ്മാണം നിറുത്തിവപ്പിച്ചു. വീഡിയോ പകർത്തിയതോടെ ക്ഷുഭിതനായ സൂപ്പർവൈസർ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിയിടുകയായിരുന്നു. കുര്യൻ പരാതി നൽകിയതിന് പിന്നാലെയാണ് സൂപ്പർവൈസർ പൊലീസിന സമീപിച്ചത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടിയെന്നാണ് അറിയുന്നത്.