ആർത്തവാവധി എല്ലാ വാഴ്സിറ്റികളിലും പരിഗണിക്കും: മന്ത്രി ബിന്ദു

Tuesday 17 January 2023 12:26 AM IST

തിരുവനന്തപുരം: കുസാറ്റിൽ നടപ്പാക്കിയ ആർത്തവ ദിനങ്ങളിലെ അവധി എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ. ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മാതൃകയിലാവും ഇത്. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർത്ഥിനികളുടെ മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കും - മന്ത്രി ബിന്ദു പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് എസ്.എഫ്. ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആർത്തവാവധി അനുവദിച്ചത് കെ.എസ്.യുവിന്റെ ഇടപെടൽ കാരണമാണെന്ന വിദ്യാർത്ഥി നേതാക്കളുടെ അവകാശവാദത്തിന് പിന്നാലെയാണ് എസ്.എഫ്.ഐയുടെ ആവശ്യപ്രകാരമാണ് അവധി അനുവദിച്ചതെന്ന് മന്ത്രി വാർത്തക്കുറിപ്പിറക്കിയത്. എന്നാൽ കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള കെ.എസ്.യുവിന്റെ പ്രകടനപത്രികയിൽ ആർത്തവാവധി പ്രധാന ഇനമായി ഉൾപ്പെടുത്തിയിരുന്നു. അവധി അനുവദിക്കണമെന്ന് സർവകലാശാലയ്ക്കും സർക്കാരിനും നേരത്തേ അപേക്ഷ നൽകിയതിന്റെ തെളിവുകളും കെ.എസ്.യു പുറത്തുവിട്ടിട്ടുണ്ട്. മറ്റ് വാഴ്സിറ്റികളിലും ആർത്തവാവധി അനുവദിക്കണമെന്ന് മന്ത്രി ബിന്ദുവിന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ കത്ത് നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ അവകാശവാദം കത്തുന്നതിനിടെയാണ്, എസ്.ഐഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ ആവശ്യപ്രകാരമാണ് അവധി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ കുസാറ്റിലെ യൂണിയനിൽ കെ.എസ്.യു പ്രതിനിധികളുമുണ്ടെന്നും ക്രെഡിറ്റ് തട്ടിയെടുക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.