കുണ്ടംകുഴി ഗ്ളോബൽ ബിസിനസ് ഗ്രൂപ്പ് നിധി നിക്ഷേപ തട്ടിപ്പ് ; കമ്പനി ചെയർമാനും ഏജന്റും അറസ്റ്റിൽ

Tuesday 17 January 2023 12:28 AM IST

കാസർകോട്:കുണ്ടംകുഴിയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡിന്റെ മറവിൽ നടത്തിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാനും പണം പിരിച്ചു നൽകിയ ഏജന്റും പൊലീസ് പിടിയിൽ. ജി.ബി.ജി ചെയർമാൻ കുണ്ടംകുഴി സ്വദേശി വിനോദ്കുമാർ, ഡയറക്ടറും ഏജന്റുമായ പെരിയയിലെ ഗംഗാധരൻ നായർ എന്നിവരെയാണ് ബേഡകം എസ്.ഐ എം.ഗംഗാധരനും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.

വിനോദ് കുമാറിനെ കാസർകോട്ടെ ലോഡ്ജിൽ നിന്നും ഗംഗാധരൻ നായരെ കാസർകോട് ടൗണിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിനോദ് കുമാർ തിങ്കളാഴ്ച രാവിലെ കാസർകോട് പ്രസ്ക്ലബിൽ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുമ്പ് കസ്റ്റഡിയിലായി. ബേഡകം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിനോദ് കുമാറിന്റെ കൂടെ നാല് സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നു.

ജി.ബി.ജി നിധിയുടെ മറവിൽ 11 സ്ഥാപനങ്ങൾ ഇവർക്കുണ്ട്. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും സംഘം പണം തട്ടിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പെന്ന പരാതിയിൽ 18 കേസുകൾ വിനോദ് കുമാറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നതിൽ 17എണ്ണത്തിലാണ് അറസ്റ്റ്. ഒരു കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ നേടിയിരുന്നു.

കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ നിന്നായി എണ്ണൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. ഒരു ലക്ഷം നിക്ഷേപിക്കുന്നവർക്ക് പത്തുമാസത്തിനുള്ളിൽ പലിശയായി എൺപതിനായിരം രൂപ വാഗ്ദാനം ചെയ്ത് ജി.ബി.ജി നിധി ലിമിറ്റഡ് രണ്ടു വർഷം മുമ്പാണ് കുണ്ടംകുഴിയിൽ പ്രവർത്തനം തുടങ്ങിയത്. ഗ്രാമീണ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം തുടങ്ങി കോടികൾ വെട്ടിച്ച വിനോദ് കുമാർ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തിയാണ്. സമാനരീതിയിലുള്ള കമ്പനികളോ ധനകാര്യ സ്ഥാപനങ്ങളോ തുടങ്ങാൻ പാടില്ലെന്ന കോടതി നിർദ്ദേശം ലംഘിച്ചാണ് ഇയാൾ പുതിയ പേരിൽ സാമ്പത്തിക ഇടപാട് സ്ഥാപനം തുടങ്ങി കോടികൾ തട്ടിയത്. ജി.ബി.ജി നിക്ഷേപം സംബന്ധിച്ച് ബേഡകം പൊലീസ് സ്റ്റേഷനിൽ കൂട്ടത്തോടെ പരാതികൾ വന്നതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ഏജന്റ് പിരിച്ചു നൽകിയത് അമ്പത് കോടി

ബേഡകം പൊലീസ് അറസ്റ്റ് ചെയ്ത ഏജന്റും ജി.ബി.ജി നിധി ലിമിറ്റഡ് ഡയറക്ടറുമായ പെരിയയിലെ ഗംഗാധരൻ നായർ കമ്പനിക്ക് വേണ്ടി അമ്പത് കോടി രൂപ പിരിച്ചു നൽകി. ആ വകയിൽ കമ്മിഷനായി ഒരുകോടി രൂപയാണ് ഗംഗാധരൻ നായർക്ക് വിനോദ് കുമാർ നൽകിയത്. 25 ലക്ഷം രൂപ കടബാദ്ധ്യത തീർക്കാൻ ഉപയോഗിച്ച ഇയാൾ ബാക്കിയുള്ള തുക കൊണ്ട് പുതിയ ആഡംബര വീട് പണിയുകയും ചെയ്തു.