29 ലക്ഷം പിന്നിട്ട് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വില്പന

Tuesday 17 January 2023 1:28 PM IST

കൊച്ചി: 16 കോടിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന പൊടി പൊടിക്കുന്നു. 400 രൂപ വിലയുള്ള 2981700 ലക്ഷം ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചു.

അവസാന ദിനങ്ങളിലെ ഡിമാൻഡ് മുന്നിൽക്കണ്ടാണ് 13ന് മൂന്ന് ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചത്. ബാക്കി 318300 ലക്ഷം ടിക്കറ്റുകളാണുള്ളത്. ഇവ രണ്ടുദിവസത്തിനുള്ളിൽ വിറ്റുതീരുമെന്ന് അധികൃതർ പറഞ്ഞു. 33 ലക്ഷം ടിക്കറ്റുകളാണ് നാലു ഘട്ടമായി അച്ചടിച്ചത്. മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇതിൽ മാറ്റം വരുത്തി നവംബർ 20നാണ് വില്പന ആരംഭിച്ചത്. ജനുവരി 19ന് നറുക്കെടുക്കും.

16 കോടിയുടെ 10 ശതമാനമായ 1.60 കോടി രൂപ എജന്റിന് കമ്മിഷനായി നൽകും. ബാക്കിയിൽ 30 ശതമാനം നികുതി കിഴിച്ച് 10.08 കോടി രൂപ വിജയിക്ക് ലഭിക്കും. കഴിഞ്ഞ വർഷം അച്ചടിച്ച 47,40,000 ക്രിസ്മസ് ബമ്പർ ടിക്കറ്റിൽ 4,000 മാത്രമാണ് ബാക്കിയായത്. ഇത്തവണ ടിക്കറ്റ് വില കൂടിയതിനാലാണ് വില്പനയിൽ കുറവുണ്ടായതെന്ന് കരുതുന്നു.

25 കോടി സമ്മാനത്തുകയും 500 രൂപ വിലയുമുള്ള ഓണം ബമ്പറിന്റെ 66,55,914 ടിക്കറ്റ് വിറ്റിരുന്നു.

മറ്റ് സമ്മാനങ്ങൾ

രണ്ടാം സമ്മാനം: 10 ലക്ഷം വീതം 10 പേർക്ക്

മൂന്നാം സമ്മാനം: 1 ലക്ഷം വീതം 20 പേർക്ക്

ഓൺലൈൻ വ്യാപാരവും തകൃതി

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെയും അനധികൃത ഓൺലൈൻ വില്പന തകൃതിയാണ്. വെബ്‌സൈറ്റ്, വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ മുഖേനയാണ് കച്ചവടം. അന്യസംസ്ഥാനക്കാരാണ് പ്രധാന ഇരകൾ. പണം ഗൂഗിൾ പേ വഴി നൽകണം. ഒന്നിലധികം പേർക്ക് ഒരേ ടിക്കറ്റ് തന്നെ അയച്ചും കബളിപ്പിക്കുന്നുണ്ട്.

40 രൂപ ടിക്കറ്റ് 35 രൂപയ്ക്കും നിയമവിരുദ്ധമായി വിൽക്കുന്നുണ്ട്. അവസാന നാലക്കം ഒരേ രീതിയിൽ വരുന്ന 12 ടിക്കറ്റുകളടങ്ങുന്ന സെറ്റ് ലോട്ടറിക്ക് 420 രൂപയാണ് വില ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകുന്നതും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും നിയമലംഘനമാണ്. പണം നൽകി നേരിട്ട് മാത്രമേ ലോട്ടറി വാങ്ങാവൂ എന്നാണ് നിയമം.