പ്രവീൺ റാണയ്ക്ക് ബംഗളുരുവിലും ഭൂമിയിടപാട്

Tuesday 17 January 2023 12:35 AM IST

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയും ബിനാമികളും കേരളത്തിന് പുറമേ ബംഗളുരുവിലടക്കം ഭൂമിയിടപാടുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ബിനാമികളുടെ പേരിലുള്ള ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. മഹാരാഷ്ട്രയിൽ വെൽനസ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപം നടത്തിയെന്ന വിവരവും പരിശോധിക്കും.

24 സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് വിവരം. ഒഴിഞ്ഞ പറമ്പുകളും വീടുകളുമടക്കം വാങ്ങിയിട്ടുണ്ട്. തൃശൂരിലെ മാടക്കത്തറ, ബംഗളൂരു, കണ്ണൂർ ഉദയഗിരി, പാലക്കാട് ഉൾപ്പെടെയാണ് ഈ സ്ഥലങ്ങൾ. പ്രവീൺ റാണ വാങ്ങിക്കൂട്ടിയ ഷെയറുകളുടെ വിവരങ്ങളിൽ ചിലതും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മുംബയിലെ ഒരു സ്ഥാപനത്തിന്റെ 7,500 ഷെയറുകൾ റാണ സ്വന്തം പേരിൽ വാങ്ങിയിട്ടുണ്ട്. അതേസമയം,​ നിക്ഷേപകരിൽ നിന്നും സമാഹരിച്ച തുക എന്തുചെയ്തു എന്ന് കണ്ടെത്താനായിട്ടില്ല. കൊച്ചിയിലെ പബ്ബിൽ 16 കോടിയോളം രൂപ മുടക്കിയെന്ന് വ്യക്തമായിരുന്നു. മറ്റു പല മേഖലകളിലെ മുതൽ മുടക്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.

റാണയ്ക്കെതിരായ പരാതികളുടെ എണ്ണം നൂറിലേറെയുണ്ടെന്ന് പൊലീസ് പറയുന്നു. ഇപ്പോഴും പരാതികൾ ലഭിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന റാണയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനുള്ള ശ്രമം പൊലീസ് തുടങ്ങി.