സെനറ്റ് അംഗങ്ങൾക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് സർക്കാർ

Tuesday 17 January 2023 12:46 AM IST

കൊച്ചി: ചട്ടങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാൻ സെനറ്റ് അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടിയെ ചോദ്യം ചെയ്ത് കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ നൽകിയ ഹർജികളിലാണിത്. സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് ചാൻസലർ കൂടിയായ ഗവർണറാണെങ്കിലും ഇവർക്ക് സർവകലാശാല നിയമത്തിനനുസൃതമായ സ്വതന്ത്രാധികാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാതിരുന്നതിനെ തുടർന്നാണ് സെനറ്റ് അംഗങ്ങളെ ചാൻസലർ പുറത്താക്കിയത്. സെനറ്റ് നോമിനിയില്ലാതെ ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ വിജ്ഞാപനം തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം.

പുറത്താക്കും മുമ്പേ സെനറ്റ് അംഗങ്ങൾക്ക് നോട്ടീസ് നൽകുന്നതടക്കമുള്ള നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ വിശദീകരണത്തിന് ചാൻസലർക്ക് സമയം അനുവദിച്ചു. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിക്കും.