പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും മമ്മൂട്ടി...

Tuesday 17 January 2023 12:48 AM IST

കൊച്ചി: നിറഞ്ഞ ചിരി...സദസിനെയും പൊട്ടിച്ചിരിപ്പിക്കൽ...സെൽഫിയെടുക്കൽ...കൗണ്ടറുകൾ... നൻപകൽ നേരത്ത് മയക്കം സിനിമയുടെ തിയേറ്റർ റിലീസിനു മുന്നോടിയായി കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കണ്ടത് തികച്ചും വ്യത്യസ്തനായ മമ്മൂട്ടിയെ.

ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും തിരക്കാണെന്നും തിരക്കില്ലാത്തത് തങ്ങൾക്ക് മാത്രമാണെന്നും പറഞ്ഞ് തുടങ്ങിയ സംസാരത്തിലുടനീളം മമ്മൂട്ടി സദസിലാകെ ചിരിപടർത്തി. ഒപ്പമുള്ള പുതുമുഖ നടിമാരെ ഉൾപ്പെടെ സദസിന് പരിചയപ്പെടുത്തിയ മമ്മൂട്ടി അവരുടെ അഭിനത്തെയും സെറ്റിലെ നർമ്മ മുഹൂർത്തങ്ങളെയുമെല്ലാം ഓർത്തെടുത്ത് പങ്കുവെച്ചു.

അവാർഡ് പടം എന്നു തുടങ്ങി ചോദ്യംചോദിക്കാനൊരുങ്ങിയ ആളോട്.. ഇപ്പോ അങ്ങനെയൊക്കെയുണ്ടോ..അങ്ങനെ പറയാൻ പറ്റില്ല.. അത് പൊളിറ്റിക്കലി കറക്ടല്ല എന്നുള്ള നടന്റെ മറുപടി നിറചിരിയോടെയും കൈയടിയോടെയുമാണ് സദസ് ഏറ്റെടുത്തത്. ചില ചോദ്യങ്ങൾക്ക് നർമ്മം കലർന്ന കൗണ്ടറുകളും മറുചോദ്യങ്ങളുമായിരുന്നു മറുപടി.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യം പൂർത്തിയാകുന്നതിനു മുന്നേ മമ്മൂട്ടി അത് നിരുത്സാഹപ്പെടുത്തി. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നമുക്ക് പിന്നെ പോകാമെന്ന മറുപടിയോടെയായിരുന്നു ചോദ്യത്തിൽ നിന്ന് അദ്ദേഹം വഴുതി മാറിയത്.

ഒടുവിൽ തങ്ങളുടെ ഒപ്പം ഒരു സെൽഫി എടുക്കുമോ എന്ന ചോദ്യത്തിനു പിന്നാലെ സെൽഫി ഫോട്ടോകളും വീഡിയോകളുമെടുത്ത് എല്ലാവരെയും സന്തോഷിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നടൻ മടങ്ങിയത്.